പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയില്‍; ഡൊണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച്ച ഇന്ന്; നിര്‍ണായക പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയില്‍. യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി മോദി ഇന്ന് ചര്‍ച്ചനടത്തും. രണ്ടു ദിവസത്തെ പര്യടനത്തിനാണ് മോദി അമേരിക്കയിലെത്തിയിരിക്കുന്നത്.ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ നിര്‍മിതബുദ്ധി ഉച്ചകോടിയും തുടര്‍ന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും ശേഷമാണ് പ്രധാനമന്ത്രി യുഎസിലേക്കു യാത്രതിരിച്ചത്.

വാഷിംഗ്ടണില്‍ യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിനോടു ചേര്‍ന്നുള്ള ഔദ്യോഗിക താമസസ്ഥലമായ ബ്ലയര്‍ഹൗസിലാണു പ്രധാനമന്ത്രി തങ്ങുന്നത്.

ട്രംപുമായുള്ള ഉഭയക്ഷി സംഭാഷണം ഉള്‍പ്പെടെ ആറ് ചര്‍ച്ചകളില്‍ പ്രധാനമന്ത്രി മോദി പങ്കെടുക്കും. ഇന്ന് വൈകുന്നേരം നാലിന് വൈറ്റ് ഹൗസിലാണു ട്രംപുമായി കൂടിക്കാഴ്ച. തുടര്‍ന്ന് യുഎസ് പ്രസിഡന്റ് ഒരുക്കുന്ന സ്വകാര്യവിരുന്നില്‍ പങ്കെടുക്കും.

എ.ഐ. ഉച്ചകോടിക്കായി തിങ്കളാഴ്ച പാരീസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഊഷ്മള വരവേല്‍പ്പ് നല്‍കിയിരുന്നു. ഉച്ചകോടിക്കുമുന്നോടിയായി ഒരുക്കിയ അത്താഴവിരുന്നിനെത്തിയ മോദിയെ മാക്രോണ്‍ കെട്ടിപ്പിടിച്ചുകൊണ്ടാണ് സ്വീകരിച്ചത്. ‘എന്റെ സുഹൃത്ത് മാക്രോണിനെ കണ്ടതില്‍ അതിയായ സന്തോഷമുണ്ട്’ എന്ന് മോദി എക്‌സില്‍ കുറിച്ചു. പാരീസില്‍ വിമാനമിറങ്ങിയ മോദിക്ക് ഇന്ത്യന്‍ സമൂഹവും ഗംഭീര വരവേല്‍പ്പൊരുക്കി. ഇരുരാജ്യങ്ങളും തമ്മില്‍ വിവിധമേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുക ലക്ഷ്യമിട്ട് മാക്രോണുമായി മോദി ഉഭയകക്ഷിചര്‍ച്ചകള്‍ നടത്തിയിരുന്നു.