പാകിസ്ഥാനിൽ വീണ്ടും പോളിയോ വൈറസ്; ഈ വർഷം പോളിയോ ബാധിച്ചത് 37 പേർക്ക്, പ്രതിരോധ കുത്തിവെപ്പുകൾ മുടങ്ങിയിരുന്നെന്ന് വെളിപ്പെടുത്തൽ

പാകിസ്ഥാനിൽ വീണ്ടും പോളിയോ വൈറസ് റിപ്പോർട്ട് ചെയ്തു. നാല് പുതിയ പോളിയോ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ഈ വർഷം പോളിയോ ബാധിച്ചവരുടെ എണ്ണം 37 ആയി ഉയർന്നു. 2023ലും 2024 ന്റെ തുടക്കത്തിലും പോളിയോ വൈറസിനെതിരായ പ്രതിരോധ കുത്തിവെപ്പ് ക്യാംപെയ്നുകൾ തടസപ്പെട്ടതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയാതായി റിപ്പോർട്ടുണ്ട്.

പ്രാദേശിക പ്രതിഷേധങ്ങൾ, അരക്ഷിതാവസ്ഥ, മുതലായവ കാരണം ബലൂചിസ്ഥാനിലും തെക്കൻ ഖൈബർ പഖ്‌തുൻഖ്വയിലും പോളിയോ വൈറസിനെതിരായ പ്രതിരോധ കുത്തിവെപ്പ് ക്യാംപെയ്നുകൾ 2023ലും 2024 ന്റെ തുടക്കത്തിലും തടസപ്പെട്ടതായാണ് വെളിപ്പെടുത്തൽ. അഞ്ച് വയസിന് താഴെയുള്ള 45 ദശലക്ഷത്തിലധികം കുട്ടികൾക്ക് വാക്‌സിനേഷൻ നൽകുന്നതിനായി ഒക്ടോബർ 28ന് രാജ്യവ്യാപകമായി പോളിയോ വാക്‌സിനേഷൻ കാമ്പെയിൻ ആരംഭിക്കുന്നുണ്ടെന്നും ഡോൺ പത്രം റിപ്പോർട്ട് ചെയ്യുന്നു.

ഈ വർഷം പാകിസ്‌താനിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പോളിയോ കേസുകളിൽ 20 കുട്ടികളും ബലൂചിസ്‌താനിൽ നിന്നാണ്. സിന്ധിൽ 10 കുട്ടികളിലും കെപിയിൽ അഞ്ച് കുട്ടികളിലും പഞ്ചാബിലും ഇസ്ലാമാബാദിലും ഓരോ കുട്ടികൾക്ക് വീതവും പോളിയോ സ്ഥിരീകരിച്ചിട്ടുണ്ട്.

ബലൂചിസ്‌താനിൽ നിന്നുള്ള മൂന്ന് കുട്ടികളിലും ഖൈബർ പഖ്തുൻഖ്വയിൽ നിന്നുള്ള ഒരു കുട്ടിയിലും വൈൽഡ് പോളിയോ വൈറസ് ടൈപ്പ് -1 (WPV 1) കണ്ടെത്തിയതായി പോളിയോ നിർമ്മാർജ്ജനത്തിനുള്ള ഇസ്ലാമാബാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് റീജിയണൽ റഫറൻസ് ലബോറട്ടറി സ്ഥിരീകരിച്ചതായി ഡോൺ പത്രം റിപ്പോർട്ട് ചെയ്തു. ഇവരുടെ ജനിതക പരിശോധനകൾ നടന്നുവരികയാണ്.