ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സീസ് മാര്‍പ്പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി. ബുധനാഴ്ച രാത്രി ആശുപത്രിയില് പ്രവേശിപ്പിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പ കൃത്യമായി വിശ്രമിച്ചുവെന്നാണ് രോഗാവസ്ഥയേക്കുറിച്ച് വത്തിക്കാന്‍ വിശദമാക്കുന്നത്.
എന്നാല്‍ മാര്‍പ്പാപ്പ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചുമതലകള്‍ കര്‍ദ്ദിനാളുമാര്‍ നിര്‍വ്വഹിക്കുമെന്നാണ് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈസ്റ്റര്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പങ്കെടുത്തേക്കും. എന്നാല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചേക്കില്ല. കഴിഞ്ഞ വര്‍ഷത്തെ തിരുക്കര്‍മ്മങ്ങള്‍ മുട്ട് വേദന മൂലം ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആയിരുന്നില്ല മുഖ്യ കാര്‍മ്മികന്‍.
പെട്ടന്ന് രോഗമുക്തി നേടാനുള്ള ആശംസാ പ്രവാഹമാണ് മാര്‍പ്പാപ്പയ്ക്ക് ലഭിക്കുന്നതെന്ന് വത്തിക്കാന്‍ വക്താവ് വിശദമാക്കി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു. ‘ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നല്ല ആരോഗ്യത്തിനും വേഗത്തില്‍ സുഖം പ്രാപിക്കുന്നതിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു” എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
എണ്‍പത്തിയാറുകാരനായ മാര്‍പാപ്പയ്ക്ക് സമീപ ദിവസങ്ങളില്‍ ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. എന്നാല്‍ പരിശോധനയില്‍ കോവിഡ് ഇല്ല എന്ന് കണ്ടെത്തിയിരുന്നു.