ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ള ആദ്യത്തെ മാർപാപ്പ. ലളിത ജീവിതംകൊണ്ട് ലോകത്ത് മാതൃക കാണിച്ച വ്യക്തിത്വം. ഫ്രാൻസിസ് എന്ന് പേര് സ്വീകരിച്ച ആദ്യമാർപാപ്പ. യുദ്ധ ഇരകൾക്കായി നിലകൊണ്ട ഇടയൻ കാലം ചെയ്തു. കത്തോലിക്കാ സഭയുടെ 266 മത്തെ മാർപ്പാപ്പ ആയിരുന്നു ഫ്രാൻസിസ് മാർപാപ്പ. ഇന്ന് രാവിലെ 7:35 ഓടെയായിരുന്നു അന്ത്യം. 88-ാം വയസ്സിലാണ് അന്ത്യം. വത്തിക്കാൻ കാമർലെംഗോ കർദ്ദിനാൾ കെവിൻ ഫെറൽ ആണ് വിവരം പുറത്ത് വിട്ടത്. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മാർപാപ്പ വിശ്രമത്തിലായിരുന്നു.
ബ്യൂണസ് അയേഴ്സിൽ ഇറ്റലിയിൽ നിന്നു കുടിയേറിയ മരിയോ ജോസ് ബെഗോളിയോയുറ്റേയും മരിയ സിവോരിയയുടേയും അഞ്ചു മക്കളിൽ ഒരാളായി 1936ൽ ഡിസംബർ17ന് ആണ് ബെർഗോളിയോ ജനിച്ചത്. പോപ്പായി തിരഞ്ഞെടുക്കുന്നതിന് മുമ്പ് ബ്യൂണസ് അയേഴ്സ് രൂപതയുടെ തലവനായിരുന്നു അദ്ദേഹം. ലാറ്റിനമേരിക്കയിൽ നിന്നും പോപ്പായ ആദ്യത്തെ വ്യക്തി കൂടിയാണ് ഫ്രാൻസിസ് മാർപാപ്പ. ക്രിസ്തീയ സന്യാസി സമൂഹമായ ഈശോസഭയിൽ നിന്നുള്ള ആദ്യത്തെ പോപ്പ് എന്നീ നിലകളിലും ഫ്രാൻസിസ് മാർപാപ്പ ശ്രദ്ധേയനായിരുന്നു.
ജോർജ്ജ് മാരിയോ ബെർഗോഗ്ലിയോ എന്നായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ യഥാർത്ഥ പേര്. പിന്നീട് വിശുദ്ധ ഫ്രാൻസീസ് അസീസിയോടുള്ള ബഹുമാനാർത്ഥം ഫ്രാൻസിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഈ പേര് ആദ്യമായിട്ടാണ് ഒരു മാർപ്പാപ്പ ഔദ്യോഗിക നാമമായി സ്വീകരിച്ചിരുന്നത്.1958 ലാണ് ഫ്രാൻസിസ് മാർപാപ്പ ഈശോ സഭയിൽ ചേർന്നത്. 1969 ഡിസംബർ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കർദിനാൾ ആയി. 2013 മാർച്ച് 13 ന് മാർപ്പാപ്പ പദവിയിലെത്തി. ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2013 മാർച്ച് 19 ന് ആണ് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാസഭയുടെ 266-ാമത് പോപ്പായി സ്ഥാനമേറ്റത്.