ഒറ്റത്തവണയായി ബന്ദികളെ മോചിപ്പിക്കാം, യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാര്‍; പലസ്തീന്‍ തള്ളിപ്പറഞ്ഞതിന് പിന്നാലെ ഇസ്രായേലുമായി സന്ധി ചെയ്യാന്‍ തയ്യാറാണെന്ന് ഹമാസ്

ബന്ദികളെ മോചിപ്പിച്ച് യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ഹമാസ്. ഹമാസ് ഭീകരരെ പൂര്‍ണമായും തള്ളി പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഗാസയിലെ നിലവിലെ ദുരന്തത്തിന് കാരണം ഹമാസാണെന്നും മഹമൂദ് അബ്ബാസ് ആരോപിച്ചിരുന്നു. ‘നായിന്റെ മക്കള്‍’ എന്നായിരുന്നു ഹമാസിനെ പലസ്തീന്‍ പ്രസിഡന്റ് വിശേഷിപ്പിച്ചത്.

ഹമാസിനെതിരെ പലസ്തീന്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് ഹമാസ് രംഗത്തെത്തിയെന്നത് ശ്രദ്ധേയമാണ്. യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിലേര്‍പ്പെടാന്‍ തയ്യാറെന്ന് ഹമാസ് അറിയിച്ചു. എല്ലാ ബന്ദികളെയും ഒറ്റത്തവണയായി മോചിപ്പിച്ച്, ശത്രുത അവസാനിപ്പിക്കാനുള്ള അഞ്ച് വര്‍ഷത്തെ കരാറിന് തയ്യാറെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് ഹമാസിലെ ഉന്നതന്‍ വ്യക്തമാക്കിയത്.

ഏപ്രില്‍ 17ന് പത്ത് ബന്ദികളെ മോചിപ്പിക്കുന്നതിലൂടെ 45 ദിവസത്തെ വെടിനിര്‍ത്തലിനുള്ള ഇസ്രയേല്‍ നിര്‍ദ്ദേശം നിരസിച്ചതിന് പിന്നാലെയാണ് ഹമാസിന്റെ പ്രഖ്യാപനം. കരാര്‍ യുദ്ധം അവസാനിപ്പിക്കുന്നതാകണമെന്നാണ് ഹമാസ് നേരത്തെയും ആവശ്യപ്പെട്ടത്. ഗാസയില്‍ നിന്ന് ഇസ്രയേല്‍ പൂര്‍ണമായി പിന്തിരിയണം. എല്ലാ ബന്ദികളെയും മോചിപ്പിക്കണം. യുദ്ധം തകര്‍ത്ത പാലസ്തീനില്‍ മാനുഷിക സഹായം എത്തണമെന്നുമാണ് ഹമാസിന്റെ നിലപാട്.

Read more

അതേസമയം ഹമാസിനെ നിരായുധീകരിക്കണമെന്നും ഗാസയുടെ നിയന്ത്രണം കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബന്ദികളെ വിട്ടുകൊടുക്കുന്നതില്‍ ഹമാസ് തൊടുന്യായം പറഞ്ഞാല്‍ ഗാസയിലെ ജനങ്ങള്‍ക്കെതിരേയുള്ള ഇസ്രയേല്‍ ആക്രമണം തുടരുമെന്നും പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പറഞ്ഞു.