ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പ് കഴിച്ചതിലൂടെ വൃക്ക തകരാറിലായി; അഞ്ചു വയസ്സില്‍ താഴെയുള്ള 66 കുട്ടികള്‍ മരിച്ചു; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയിലെ 66 കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ‘മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്’ നിര്‍മിച്ച നാല് കഫ് സിറപ്പുകളെ കുറിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഇന്ത്യന്‍ നിര്‍മ്മിത കഫ് ഉപയോഗിച്ചതിന്റെ ഫലമായി ഗാംബിയയിലെ അഞ്ചു വയസ്സില്‍ താഴെയുള്ള 66 കുട്ടികള്‍ വൃക്ക തകരാറിലായി മരിച്ചെന്നു സംശയിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്.

പ്രോമെതസൈന്‍ ഓറല്‍ സൊല്യൂഷന്‍, കോഫെക്സ്മാലിന്‍ ബേബി കഫ് സിറപ്പ്, മാകോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ്പ് എന്‍ കോള്‍ഡ് സിറപ്പ് എന്നീ കഫ് സിറപ്പുകള്‍ക്കെതിരെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

ഈ നാലു മരുന്നുകളിലും അമിതമായ അളവില്‍ ഡൈഎത്തിലീന്‍ ഗ്ലൈക്കോളും എഥിലീന്‍ ഗ്ലൈക്കോളും അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇവ വയറുവേദന, ഛര്‍ദ്ദി, വയറിളക്കം, തലവേദന തുടങ്ങി മരണത്തിലേക്ക് നയിച്ചേക്കാവുന്ന വൃക്ക തകരാറിനു വരെ കാരണമായേക്കുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ഇതു സംബന്ധിച്ച് കമ്പനിയുമായും റെഗുലേറ്ററി അധികാരികളുമായും ഡബ്ല്യുഎച്ച്ഒ അന്വേഷണം നടത്തുന്നതായി മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അറിയിച്ചു.