ഗ്രീസില്‍ ട്രെയ്ന്‍ ദുരന്തം നടന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ ഉത്തരവാദികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം. തൊഴിലാളി സംഘടനകളും വിദ്യാര്‍ഥി യൂണിയനുകളും സമരത്തിന് ഇറങ്ങിയതോടെ ഏഥന്‍സ് ഉള്‍പ്പെടെ പ്രധാന നഗരങ്ങള്‍ എല്ലാം സ്തംഭിച്ചു.
ഫെബ്രുവരി 28ന് ആണ് ഗ്രീസില്‍ യാത്രാ ട്രെയ്‌നും ഗുഡ്‌സ് ട്രെയ്‌നും കൂട്ടിയിടിച്ച് 57 പേര്‍ മരിച്ചത്. റെയില്‍വെയുടെ മോശം അവസ്ഥയും സര്‍ക്കാരുകളുടെ കാലങ്ങളായുള്ള അവഗണനയുമാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് അന്ന് മുതല്‍ പ്രതിഷേധം തുടങ്ങിയിരുന്നു.
ഇന്നലെ ഏഥന്‍സില്‍ മാത്രം മുപ്പതിനായിരത്തിലധികം പേര്‍ പ്രതിഷേധവുമായി ഇറങ്ങി. ഇതോടെ റോഡ്, റെയില്‍ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. ബോട്ട് സര്‍വീസുകളും നിലച്ചു. തെസലോനികിയില്‍ ഇരുപതിനായിരത്തിലധികം ആളുകള്‍ പ്രതിഷേധത്തില്‍ അണിനിരന്നു.
പലയിടത്തും പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. അപകടം നടന്ന ലാറിസയില്‍ കറുത്ത ബലൂണുകളുമായി വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തി. അതേസമയം അപകടത്തെ കുറിച്ച് വിശദീകരിക്കാന്‍ അധികൃതര്‍ ഇന്നലെ വാര്‍ത്താ സമ്മേളനം നടത്തിയെങ്കിലും പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല.