ശ്രീലങ്കയില്‍ പ്രക്ഷോഭകാരികള്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറി. പ്രസിഡന്റ് ഗോത്തബയ രജപക്‌സെയുടെ വീട്ടിലെ സ്വിമ്മിംഗ് പൂളിലും മറ്റും കുളിച്ച് ഉല്ലസിക്കുന്ന പ്രതിഷേധക്കാരുടെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ഇവിടത്തെ അടുക്കളയും പ്രതിഷേധക്കാര്‍ കൈയടിക്കിയിരിക്കുകയാണ്. പ്രതിഷേധം ഭയന്ന് പ്രസിഡന്റ് രാജ്യം വിട്ടതായാണ് വിവരം.
പ്രസിഡന്റിന്റെ വസതിയിലെ മുറികളിലൂടെയും ഇടനാഴികളിലൂടെയും ആളുകള്‍ സര്‍ക്കാറിനെതിരെ മുദ്രാവാക്യം വിളിക്കുന്നത് വീഡിയോ ക്ലിപ്പുകളില്‍ കാണാം. കൊളോണിയല്‍ കാലഘട്ടത്തിലെ നിര്‍മ്മിതിയായ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്ക് പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വകവയ്ക്കാതെ ആയിരങ്ങളാണ് തടിച്ചുകൂടിയത്.
പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറാന്‍ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടുകയും ബാരിക്കേഡുകള്‍ തകര്‍ക്കുകയും ചെയ്തു. ശനിയാഴ്ച രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളും, വിദ്യാര്‍ത്ഥി സംഘടനകള്‍ അടക്കം ആസൂത്രണം ചെയ്ത റാലിക്ക് മുന്നോടിയായി രാജപക്സെയെ വെള്ളിയാഴ്ച ഔദ്യോഗിക വസതിയില്‍ നിന്നും മാറ്റിയിരുന്നു.
പലയിടങ്ങളിലും പൊലീസുകാരും കായിക താരങ്ങളും പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നുണ്ട്. സനത് ജയസൂര്യ അടക്കമുള്ള കായിക താരങ്ങള്‍ പ്രക്ഷോഭനിരയിലുണ്ട്. കൂടുതല്‍ പ്രക്ഷോഭകാരികള്‍ ട്രെയിനില്‍ കൊളംബോയിലേക്ക് തിരിച്ചതായും വിവരമുണ്ട്. കാന്‍ഡി റെയില്‍വേ സ്റ്റേഷന്‍ സമരക്കാര്‍ പൂര്‍ണമായും പിടിച്ചെടുത്തു. ട്രെയിനുകളും പ്രതിഷേധക്കാര്‍ പിടിച്ചെടുത്തു.
സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ 33 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. രണ്ടുപേരുടെ നില ഗുരുതരമാണ്. പ്രക്ഷോഭകരെ നേരിടാന്‍ സുരക്ഷാ സേന ആകാശത്തേക്ക് വെടിവച്ചു. സേന കണ്ണീര്‍ വാതകവും ലാത്തിയും പ്രയോഗിച്ചു. എന്നാല്‍ കണ്ണീര്‍ വാതകം നിര്‍വീര്യമാക്കുന്നതിനുള്ള സജീകരണങ്ങളുമായാണ് പ്രക്ഷോഭകാരികള്‍ എത്തിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബസുകളിലും, ട്രെയിനുകളിലും ട്രക്കുകളിലുമായി ആയിരക്കണക്കിന് ആളുകളാണ് തലസ്ഥാനമായ കൊളംബോയില്‍ എത്തിയത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് സൈന്യത്തിനും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം വിളിച്ചിട്ടുണ്ട്. പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി സ്പീക്കര്‍ക്ക് കത്ത് നല്‍കി.
രാജ്യത്ത് അതീവ ഗുതുതര സ്ഥിതി നിലനില്‍ക്കുന്ന സാഹചര്യം പരിഗണിച്ച് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ശ്രീലങ്കയില്‍ കലാപം പൊട്ടിപുറപ്പെട്ടത്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് പ്രഷോഭം തുടങ്ങിയിട്ട് മാസങ്ങളായി. മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചിട്ടും ഗോത്തബയ പ്രസിഡന്റായി തുടരുകയായിരുന്നു.
#aragalaya protestors inside the residence of the #President. #ProtestLK #aragalaya #EconomicCrisisLK #CountryToColombo #GotaGoGama #OccupyGalleFace #GoHomeGota #occupypresidentshouse pic.twitter.com/bfTbqQ39wc
— EconomyNext (@Economynext) July 9, 2022
#SriLanka's #aragalaya protestors inside the #Presidents residence. #ProtestLK #aragalaya #EconomicCrisisLK #CountryToColombo #GotaGoGama #OccupyGalleFace #GoHomeGota #OccupyPresidentsHouse pic.twitter.com/QwbN7iOMFH
— EconomyNext (@Economynext) July 9, 2022
Read more