ദനഹാ ദിനത്തില്‍ തണുത്തുറഞ്ഞ ജലത്തില്‍ മുങ്ങി പുടിന്‍റെ പെരുന്നാള്‍ ആഘോഷം

യേശുക്രിസ്തുവിനെ ജോര്‍ദാന്‍ നദിയില്‍ മാമോദീസ മുക്കിയതിന്‍റെ ഓര്‍മദിനമായി സുറിയാനി ക്രസ്ത്യാനികള്‍ ആചരിക്കുന്ന ദനഹാത്തിരുനാളില്‍ തണുത്തുറഞ്ഞ വെള്ളത്തില്‍ മുങ്ങി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. സെലിഗര്‍ തടാകത്തില്‍ സ്‌നാനം ചെയ്താണ് ഓര്‍ത്തഡോക്‌സ് സഭ പരമ്പരാഗതമായി ആഘോഷിക്കുന്ന ചടങ്ങില്‍ പുടിന്‍ പങ്കാളിയായത്. മോസ് കോയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ വിശുദ്ധ നിലൂസ് സ്റ്റോവോബന്‍സ്കി ആശ്രമത്തിനടുത്താണ് തണുത്തുറഞ്ഞ സെലിഗര്‍ തടാകം.

മൈനസ് ആറ് ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. കൊടും തണുപ്പില്‍ മേല്‍വസ്ത്രം അഴിച്ച് പുരോഹിതന്‍ ആശിര്‍വദിച്ച ജലത്തില്‍ ഇറങ്ങി കുരിശു വരച്ച് മൂന്ന് പ്രാവശ്യം മുങ്ങി.
ഇതിന് മുന്‍പും പുടിന്‍ ദനഹാസ്‌നാനത്തിന് പങ്കെടുത്തിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. ഓര്‍ത്തഡോക്സ് സഭയുടെ പരിപാടികളില്‍ പുടിന്‍ സജീവമായി ഇടപെടാറുണ്ടായിരുന്നു.

റഷ്യയില്‍ ജൂലിയന്‍ഡ കലണ്ടര്‍ പിന്‍തുടരുന്നതിനാല്‍ 19നാണ് ഓര്‍ത്തഡോക്‌സ് സഭ തിരുനാള്‍ ആഘോഷിച്ചത്. ലക്ഷക്കണക്കിന് വിശ്വാസികള്‍ക്ക് ദനഹാസ്‌നാനം ചെയ്യാന്‍ കൃത്രിമ കുളങ്ങളും ഒരുക്കിയിരുന്നു.