ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെ ചോദ്യം ചെയ്ത് താലിബാൻ വിദ്യാഭ്യാസ മന്ത്രി ശൈഖ് മൊൽവി നൂറുല്ല മുനീർ. പിഎച്ച്ഡിക്കും, ബിരുദാനന്തര ബിരുദത്തിനുമൊന്നും ഇക്കാലത്ത് ഒരു വിലയുമില്ലെന്നാണ് ശൈഖ് മൊൽവി നൂറുല്ല മുനീർ അഭിപ്രായപ്പെടുന്നത്.
“പിഎച്ച്ഡി, ബിരുദാനന്തര ബിരുദത്തിനുമൊന്നും ഇക്കാലത്ത് ഒരു വിലയുമില്ല. അഫ്ഗാനിൽ അധികാര സ്ഥാനത്ത് എത്തിയ മുല്ലകൾക്കും താലിബാനുകൾക്കും പിഎച്ച്ഡി, എംഎ അല്ലെങ്കിൽ ഹൈസ്കൂൾ ബിരുദം പോലുമില്ല, എന്നാൽ അവർ ഏറ്റവും വലിയവരാണ്,” ശൈഖ് മൊൽവി നൂറുല്ല മുനീർ ഒരു വീഡിയോയിൽ പറഞ്ഞു. പ്രതീക്ഷിച്ചതു പോലെ ഇയാളുടെ പരാമർശങ്ങൾ വലിയ വിമർശനത്തിന് ഇടയാക്കി.
അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാൻ പിടിച്ചെടുത്ത് ഒരു മാസത്തിനുള്ളിൽ, പുതിയ മന്ത്രിസഭ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. താലിബാന്റെ നേതൃത്വ കൗൺസിലിന്റെ തലവനായ മുല്ല മുഹമ്മദ് ഹസ്സനെയാണ് താലിബാന്റെ പുതിയ “ഇടക്കാല ഗവൺമെന്റിൽ” ആക്ടിംഗ് പ്രധാനമന്ത്രിയായി നിയമിച്ചിരിക്കുന്നത്. ഐക്യരാഷ്ട്രസഭ ഭീകരരുടെ പട്ടികയിൽ പെടുത്തിയിട്ടുള്ള സിറാജുദ്ദീൻ ഹഖാനിയാണ് 33 അംഗ മന്ത്രിസഭയിലെ പുതിയ ആക്ടിംഗ് ആഭ്യന്തരമന്ത്രി.
“ഭാവിയിൽ, അഫ്ഗാനിസ്ഥാനിലെ ഭരണത്തിന്റെയും ജീവിതത്തിന്റെയും എല്ലാ കാര്യങ്ങളും വിശുദ്ധ ശരീഅത്തിന്റെ നിയമങ്ങളാൽ നിയന്ത്രിക്കപ്പെടും,” എന്ന് താലിബാൻ പരമോന്നത നേതാവ് ഹൈബത്തുല്ല അഖുൻസാദ ഓഗസ്റ്റ് 15 കാബൂളിന്റെ പതനത്തിനു ശേഷമുള്ള ആദ്യ പരസ്യ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.