ഉക്രൈനിലെ റഷ്യ ആക്രമണം അതിരുകടന്ന സാഹചര്യത്തില്‍ നാറ്റോ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി. അംഗരാജ്യങ്ങളെ ഉടന്‍ റഷ്യന്‍ സൈന്യം ആക്രമിച്ചേക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉക്രൈനില്‍ വ്യോമ നിരോധന മേഖല ഏര്‍പ്പെടുത്തണം. റഷ്യയ്‌ക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്തിയില്ലെങ്കില്‍ ഉടന്‍ നാറ്റോ രാജ്യങ്ങളെയും റഷ്യ ആക്രമിക്കുമെന്നാണ് സെലന്‍സ്‌കി പറഞ്ഞത്.
വ്യോമപാത അടച്ചില്ലെങ്കില്‍ ഏത് നിമിഷവും റഷ്യന്‍ മിസൈലുകള്‍ നാറ്റോ പ്രദേശത്തും, ജനങ്ങളുടെ വീടുകളിലും പതിക്കും. നാറ്റോ അംഗമായ പോളണ്ടിന്റെ അതിര്‍ത്തിക്കടുത്തുള്ള ഉക്രൈനിനിന്റെ പടിഞ്ഞാറന്‍ നഗരമായ ലിവിവിന് പുറത്തുള്ള സൈനിക പരിശീലന ഗ്രൗണ്ടില്‍ റഷ്യന്‍ സൈന്യം വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് സെലന്‍സ്‌കിയുടെ മുന്നറിയിപ്പ്. ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടതായും, 134 പേര്‍ക്കു പരിക്ക് പറ്റിയതായുമാണ് റിപ്പോര്‍ട്ട്.
അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ഉക്രൈനില്‍ റഷ്യന്‍ ആക്രമണത്തില്‍ മരിണപ്പെട്ടത് സെലെന്‍സ്‌കി അപലപിച്ചു.
അതേസമയം മരിയുപോളില്‍ റഷ്യയുടെ ആക്രമണം ശക്തമായി. വാഷിംഗ്ടണും യൂറോപ്യന്‍ യൂണിയന്‍ സഖ്യകക്ഷികളും ഉക്രൈനിലേക്ക് ഫണ്ടുകളും സൈനിക സഹായങ്ങളും അയക്കുന്നുണ്ട്. റഷ്യയ്ക്ക് മേല്‍ കടുത്ത സാമ്പത്തിക ഉപരോധമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
റഷ്യ ഉക്രൈന്‍ നാലാം ഘട്ട സമാധാന ചര്‍ച്ച ഇന്ന് നടക്കും. ഓണ്‍ലൈനായിട്ടാണ് ചര്‍ച്ച നടക്കുക. ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ഫ്രഞ്ച് പറസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി സെലന്‍സ്‌കി ചര്‍ച്ച നടത്തി. റഷ്യക്കെതിരെ ഉപരോധങ്ങള്‍ കടുപ്പിക്കാന്‍ ഉക്രൈന്‍ ആവശ്യപ്പെട്ടു.