ആഗോള സാമ്പത്തിക പ്രതിസന്ധികളോ എണ്ണവില ഉയരുന്നതോ ഇന്ത്യയുടെ മാന്ദ്യത്തിന് കാരണമാകില്ലെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ അഭിപ്രായപ്പെട്ടു. മുൻ റിസർവ് ബാങ്ക് ഗവർണറുടെ അഭിപ്രായത്തിൽ ഇന്ത്യയുടെ സാമ്പത്തിക മാന്ദ്യത്തിന്റെ യഥാർത്ഥ കാരണങ്ങൾ ഇന്ത്യക്കകത്ത് തന്നെയാണ് ഉള്ളത്. “ഞാൻ വിചാരിക്കുന്നത് പുറത്തേക്ക് നോക്കുന്നത്, എന്താണ് സംഭവിക്കുന്നതെന്നതിന് പുറത്തു നിന്നുള്ള കാരണങ്ങളെ കുറ്റപ്പെടുത്തുന്നത് ഒരുപക്ഷേ തെറ്റായിരിക്കാം,” ഒക്ടോബർ 16- ന് യുഎസിലെ ബ്രൗൺ യൂണിവേഴ്സിറ്റിയിലെ വാട്സൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ ആന്റ് പബ്ലിക് അഫയേഴ്സിലെ ഒരു പ്രഭാഷണത്തിനിടെ രാജൻ പറഞ്ഞതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
“എന്താണ് ശരിക്കും ഇതിന് ഒരു മികച്ച വിശദീകരണം , ഇത് നിക്ഷേപം നടത്താത്തതിന്റെ അനന്തരഫലമാണ്. ഏകദേശം 15 വർഷമായി, അല്ലെങ്കിൽ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം, നിക്ഷേപത്തിന്റെ ഗതിവേഗം പതുക്കെയാണ്, അതാണ് ഒരു കാരണം, രണ്ടാമത്തേത് പരിഷ്കാരങ്ങളുടെ അഭാവമാണ്.” അദ്ദേഹം പറഞ്ഞു. നിക്ഷേപത്തിന്റെ അഭാവം ഒരു അടിസ്ഥാന പ്രശ്നമാണെങ്കിലും, നോട്ടു നിരോധനത്തിന്റെ പ്രത്യാഘാതങ്ങളും ചരക്ക് സേവന നികുതി നടപ്പാക്കലും കാരണം കാര്യങ്ങൾ നിയന്ത്രണാതീതമായി, രാജൻ പറഞ്ഞു.
“നോട്ട്നിരോധനവും ചരക്ക് സേവന നികുതിയും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ തകർത്ത പ്രധാന ഘടങ്ങങ്ങളാണ്, കാരണം സമ്പദ്‌വ്യവസ്ഥ താരതമ്യേന ദുർബലമായിരുന്ന ഒരു ഘട്ടത്തിലാണ് ഇത് വന്നത്. നോട്ട്നിരോധനത്തിന്റെ ആഘാതത്തിൽ നിന്ന് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കഷ്ടിച്ച് കരകയറുന്നതിനിടെ ജിഎസ്ടിയും എൻബിഎഫ്‌സി (ബാങ്ക് ഇതര ധനകാര്യ സ്ഥാപനം) പ്രതിസന്ധിയും വളർച്ചയെ ബാധിച്ചു.