ഇന്ത്യ-പാകിസ്ഥാന്‍ പ്രശ്‌നങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കാന്‍ തയ്യാര്‍; നിലപാട് അറിയിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യീദ് അബ്ബാസ് അരാഗ്ചി

ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് വഷളായ ഇന്ത്യ-പാകിസ്ഥാന്‍ നയതന്ത്ര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ഇറാന്‍. ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യീദ് അബ്ബാസ് അരാഗ്ചിയാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് രംഗത്തെത്തിയത്.

സാമൂഹ്യമാധ്യമമായ എക്‌സിലൂടെ ആയിരുന്നു ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കിയത്. ഇന്ത്യയേയും പാകിസ്താനെയും സഹോദരതുല്യരായവരെന്ന് ചൂണ്ടിക്കാട്ടിയാണ് സയ്യീദ് അബ്ബാസ് അരാഗ്ചിയുടെ എക്‌സിലെ കുറിപ്പ് ആരംഭിക്കുന്നത്.

വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പരസ്പര ധാരണ വളര്‍ത്തിയെടുക്കാന്‍ സന്നദ്ധരാണെന്ന് സയ്യീദ് അബ്ബാസ് അരാഗ്ചി കുറിച്ചു. ഇന്ത്യയും പാകിസ്ഥാനും സഹോദരതുല്യരായ അയല്‍ക്കാരാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശക്തമായ സാംസ്‌കാരിക ബന്ധമുണ്ട്. ജനങ്ങള്‍ തമ്മിലുമുള്ള ബന്ധമുണ്ട്. അത് ഏറ്റവും പ്രധാനപ്പെട്ട ഒന്നായാണ് തങ്ങള്‍ കണക്കാക്കുന്നത്.

ഇരുരാജ്യങ്ങളിലുമുള്ള തങ്ങളുടെ മികച്ച ബന്ധം പ്രയോജനപ്പെടുത്തി വെല്ലുവിളി നിറഞ്ഞ സമയത്ത് ഇരുവര്‍ക്കുമിടയില്‍ പരസ്പര ധാരണയ്ക്കായി ശ്രമിക്കാന്‍ തയ്യാറാണെന്ന്് അറിയിച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.