സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രക്ഷോഭങ്ങള്‍ രൂക്ഷമാകുകയും പ്രധാനമന്ത്രിയായരുന്ന മഹീന്ദ രജപക്‌സെ രാജിവെക്കുകയും ചെയ്തതിന് പിന്നാലെ ശ്രീലങ്കയ്ക്ക് ഇനി പുതിയ പ്രധാനമന്ത്രി. റെനില്‍ വിക്രമസിംഗെയാണ് ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുക. പ്രസിഡന്റ് ഗോതബായ രജപക്സെയുടെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം. സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് നടക്കും.
സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്കു ശേഷം അദ്ദേഹം കൊളംബോയിലെ ക്ഷേത്രം സന്ദര്‍ശിക്കും. യുഎന്‍പി നേതാവായ റെനില്‍ വിക്രംസിംഗെ നേരത്തെയും പ്രധാനമന്ത്രിയായിരുന്നു. 1994 മുതല്‍ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ നേതാവാണ്. നാല് പ്രാവശ്യം ശ്രീലങ്കയുടെ പ്രധാനമാന്ത്രിയായിട്ടുണ്ട്. 1977ലാണ് ആദ്യമായി എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്. 1993ല്‍ ആദ്യമായി പ്രധാനമന്ത്രിയായി.
വിദേശകാര്യ ഉപമന്ത്രി, യുവജന, തൊഴില്‍ മന്ത്രി തുടങ്ങിയ പദവികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. രജപക്സെ കുടുംബവുമായി നല്ലബന്ധമാണ് അദ്ദേഹത്തിനുള്ളത്. പുതിയ പ്രധാനമന്ത്രിയും മന്ത്രിസഭയും ഈ ആഴ്ച തന്നെ അധികാരമേല്‍ക്കുമെന്ന് കഴിഞ്ഞ ദിവസം പ്രസിഡന്റ് ഗോതബായ രജപക്സെ അറിയിച്ചിരുന്നു. പാര്‍ലമെന്റിന് കൂടുതല്‍ അധികാരം ലഭിക്കുന്ന തരത്തില്‍ വിധത്തില്‍ ഭരണഘടന ഭേദഗതി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേ സമയം ശ്രീലങ്കയില്‍ ആഭ്യന്തരകലാപം രൂക്ഷമാകുന്നു. കര്‍ഫ്യൂ ലംഘിച്ച് തെരുവില്‍ തുടരുന്ന നിരവധി പ്രതിഷേധക്കാര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും തീ വെച്ചു. വിവിധയിടങ്ങളില്‍ നടന്ന അക്രമങ്ങളിലായി എട്ടു പേര്‍ മരിക്കുകയും ഇരുനൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തലസ്ഥാന നഗരിയായ കൊളംബോ വിട്ട മഹിന്ദയും കുടുംബവും ട്രിങ്കോമാലിയിലെ നാവികസേന ആസ്ഥാനത്ത് അഭയം തേടിയിരിക്കുകയാണ്. സൈന്യത്തിനും പൊലീസിനും അടിയന്തര അധികാരം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിലൂടെ ആരെയും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം. കലാപം നടത്തുന്നവര്‍ക്കെതിരെ വെടിവെക്കാനും സൈന്യത്തിന് അധികാരം നല്‍കിയിട്ടുണ്ട്.