ഇറാന്‍ ഇസ്രായേലിനെ ആക്രമിക്കുന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ യുദ്ധഭീതി. ഇറാന്‍ ശക്തമായി ആക്രമിച്ചേക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് കഴിഞ്ഞ ദിവസം യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി സംസാരിക്കവേ വ്യക്തമാക്കിയിരുന്നു.
ഇറാനും ഹിസ്ബുല്ലയും സംയുക്തമായി ഒരേസമയം ആക്രമണം നടത്തിയേക്കാമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ഇസ്രായേല്‍ മന്ത്രിമാര്‍ക്കും ഉന്നത സൈനികോദ്യോഗസ്ഥര്‍ക്കും അധിക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതോടെ വിവിധ രാജ്യങ്ങളിലെ വിമാനക്കമ്പനികള്‍ ഇറാന്‍, ഇറാഖ്, ഇസ്രായേല്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വിസ് റദ്ദാക്കിയിട്ടുണ്ട്. സ്വിസ് എയര്‍ലൈന്‍സ് സര്‍വിസ് നിര്‍ത്തുന്നതായി തിങ്കളാഴ്ച അറിയിച്ചു. ജര്‍മനിയിലെ ലുഫ്താന്‍സ തെല്‍ അവീവ്, തെഹ്‌റാന്‍, ബൈറൂത്, അമ്മാന്‍, ഇര്‍ബില്‍ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വിസ് നിര്‍ത്തിയത് ആഗസ്റ്റ് 21 വരെ നീട്ടി.
ഹമാസ് മേധാവിയെ വധിച്ചതിന് പകരം ചോദിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കിയതിന് പിന്നാലെ പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ഇസ്രയേല്‍. ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയുടെ വധത്തില്‍ തിരച്ചടി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട് ഇസ്രയേലിന് ലഭിച്ചിരുന്നു.
40 രാജ്യങ്ങളിലേക്കുള്ള യാത്ര സുരക്ഷിതമല്ലെന്ന് പൗരന്മാര്‍ക്ക് ഇസ്രായേല്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി. വിദേശത്തുള്ള പൗരന്മാര്‍ തങ്ങളുടെ ഇസ്രായേല്‍, ജൂത വ്യക്തിത്വം പ്രദര്‍ശിപ്പിക്കുന്നത് ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കൗണ്‍സില്‍ നിര്‍ദേശിച്ചു.
ഹമാസ് രാഷ്ട്രീയ മേധാവി ഇസ്മാഈല്‍ ഹനിയ്യയുടെയും ഹിസ്ബുല്ലയുടെ നേതാവ് ഫുആദ് ഷുക്കറിന്റെയും കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാനും ഹിസ്ബുല്ലയും ഹമാസും പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പെന്ന് കൗണ്‍സില്‍ വ്യക്തമാക്കി. പ്രാദേശിക അധികാരികള്‍ സുരക്ഷിതമെന്ന് പ്രഖ്യാപിക്കാത്ത വലിയ പരിപാടികള്‍ ഒഴിവാക്കുക. പ്രകടനങ്ങളില്‍ നിന്നും പ്രതിഷേധങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും ഹിബ്രു ഇംഗ്ലീഷ് ഭാഷകളില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.