ഭൂമിയിലേക്ക് മടക്കം.. സുനിത വില്യംസ് ഉൾപ്പെടെയുള്ളവർ പ്രവേശിച്ചു, യാത്ര പേടകം ബഹിരാകാശ നിലയം വിട്ടു, വീഡിയോ

എട്ടു ദിവസത്തെ ദൗത്യത്തിനായി പോയി ഒൻപത് മാസത്തോളം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ ഇന്ത്യൻ വംശജ സുനിത വില്യംസ് ഉൾപ്പെടെയുള്ളവർ ഭൂമിയിലേക്ക് തിരിച്ചു. സുനിതയുമായുള്ള യാത്രാപേടകം രാവിലെ 10.30ന് ബഹിരാകാശ നിലയം (ഐഎസ്എസ്) വിട്ടു. പേടകം നിലയവുമായുള്ള ബന്ധം വേർപ്പെടുത്തുന്നത് നിർണായക ഘട്ടം ആയിരുന്നു. 10.35 ന് അത് പൂർത്തിയായി. പേടകം ഭൂമിയിലേക്ക് യാത്ര ആരംഭിച്ചു.

ഐഎസ്എസിൽ ഡോക് ചെയ്തിട്ടുള്ള സ്പേസ് എക്സിന്റെ ഡ്രാഗൺ ക്രൂ9 പേടകത്തിലാണു സുനിതയുടെ മടക്കം. ബുച്ച് വിൽമോർ, നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നീ ബഹിരാകാശ യാത്രികരും ഒപ്പമുണ്ട്. നാളെ (19) ഇന്ത്യൻ സമയം പുലർച്ചെ 2.41ന് ഡീഓർബിറ്റ് ബേൺ പ്രക്രിയ. വേഗം കുറച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്കു ഡ്രാഗൺ പേടകം പ്രവേശിക്കും. പുലർച്ചെ 3.30ന് പേടകം ഭൂമിയിൽ ഇറങ്ങുമെന്നാണു പ്രതീക്ഷ.

Read more

അതേസമയം സാഹചര്യങ്ങൾക്ക് അനുസരിച്ചു ഭൂമിയിൽ വരുന്ന തീയതിയിലും സമയത്തിലും മാറ്റം വരാമെന്നു നാസ അറിയിച്ചു. പാരഷൂട്ടുകൾ വിടരുന്നതോടെ പേടകം സ്ഥിരവേഗം കൈവരിക്കും. അറ്റ്ലാന്റിക് സമുദ്രത്തിലേ മെക്സിക്കോ ഉൾക്കടലിലോ ആയിരിക്കും പതിക്കുക. പേടകം വീണ്ടെടുത്ത് യാത്രികരെ കരയിലേക്കു എത്തിക്കാനാണു പദ്ധതി.