ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അതീവ സുരക്ഷ മേഖലയില്‍ റോക്കറ്റാക്രമണം. യുഎസ് എംബസി അടക്കം സ്ഥിതി ചെയ്യുന്ന ഗ്രീന്‍ സോണിലാണ് മൂന്ന് റോക്കറ്റ് പതിച്ചത് എന്നാണ് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ആളപായം ഉണ്ടായതായി വിവരമില്ലെന്ന് വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
റോക്കറ്റാക്രമണത്തിന് പിന്നാലെ വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കുന്ന വലിയ സൈറണ്‍ മുഴങ്ങിയതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ബാഗ്ദാദ് നഗരത്തിനു പുറത്ത് സഫറാനിയ്യയിൽ നിന്നാണ് മൂന്ന് റോക്കറ്റുകളും വന്നതെന്നും അധികൃതർ വ്യക്തമാക്കി. ഇറാന്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ചില സായുധ ഗ്രൂപ്പുകളാണ് ആക്രമണങ്ങൾക്ക് പിന്നലെന്നാണ് അമേരിക്കയുടെ വാദം. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും എറ്റെടുത്തിട്ടില്ല.
ഇറാൻ സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗം മേധാവി ജനറല്‍ കാസിം സുലൈമാനിയെ വധിച്ച യുഎസ് നീക്കത്തിന് പിന്നാലെ ഉടലെടുത്ത സംഘർഷത്തിന്റെ ഭാഗമാണ് ആക്രമണമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാസങ്ങളിലും ബാഗ്ദാദിലെ അതീവ സുരക്ഷ മേഖലയായ ഗ്രീന്‍ സോണില്‍ ആക്രമണം നടന്നിരുന്നു.
ജനുവരി 3-നായിരുന്നു സൈനിക ജനറല്‍ കൊല്ലപ്പെട്ട അമേരിക്കയുടെ ഡ്രോൺ ആക്രമണം. സുലൈമാനിയുടെ വധത്തിനു പകരമായി ജനുവരി എട്ടിന് ഇറാഖിലെ രണ്ട് യു.എസ് സൈനിക കേന്ദ്രങ്ങൾക്കു നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ 11 യു.എസ് സൈനികർക്ക് പരിക്കേറ്റതായി പെന്റഗൺ കഴിഞ്ഞ ദിവസം സ്ഥിരീകരിക്കുയും ചെയ്തിരുന്നു.
അതിനിടെ, ഇറാഖ് നഗരങ്ങളിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തിയാർജ്ജിക്കുകയാണ്. പൊലിസ് വെടിവെയ്പ്പിൽ ഇന്നലെ മാത്രം 5 പേരാണ് കൊല്ലപ്പെട്ടത്. സര്‍ക്കാര്‍ പരിഷ്കരണ നീക്കത്തിനെതിരെയാണ് പ്രക്ഷോഭം.