ബംഗ്ലാദേശിലുള്ള റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ മ്യാന്‍മര്‍ സ്വീകരിക്കും; ഇരു രാജ്യങ്ങളും ധാരണയിലെത്തി

റോഹിങ്ക്യന്‍ മുസ്ലിം അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ ബംഗ്ലാദേശും മ്യാന്‍മറും ധാരണയിലെത്തി. ബംഗ്ലാദേശിലുള്ള റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ മ്യാന്‍മര്‍ സ്വീകരിക്കുമെന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയില്‍ തീരുമാനമായി. മ്യാന്‍മര്‍ സൈന്യത്തിന്റെ ക്രൂരപീഡനങ്ങള്‍ക്കിടയില്‍ പാലായനം ചെയ്ത് ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ രണ്ടു മാസത്തിനുള്ളില്‍ മ്യാന്‍മര്‍ സ്വീകരിക്കുമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എത്രയും പെട്ടെന്ന് റോഹിങ്ക്യകളെ ബംഗ്ലാദേശില്‍ നിന്ന് തിരികെ കൊണ്ട് വരുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് മ്യാന്‍മറും പ്രതികരിച്ചു.

ഏകദേശം ആറ് ലക്ഷത്തോളം റോഹിങ്ക്യകള്‍ മ്യാന്‍മറിലെ പ്രശ്‌നത്തെ തുടര്‍ന്ന് ബംഗ്ലാദേശിലെത്തിയിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. അതേസമയം, എണ്ണം ഇതിലും കൂടുതലാണെന്നും ചില മാധ്യമങ്ങള്‍ പറയുന്നു. പാലായനം ചെയ്ത് ബംഗ്ലാദേശിലെത്തിയ ഇവരുടെ പുനരധിവാസ പദ്ധതികള്‍ പ്രഖ്യാപനങ്ങളായി മാത്രം ഒതുങ്ങിയ അവസരത്തിലാണ് ഇരു രാജ്യങ്ങളും തീരുമാനത്തിലെത്തിയത്.

അതേസമയം, ഈ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ആവശ്യമായ സുരക്ഷയില്ലാതെ റോഹിങ്ക്യകളെ കൈമാറുന്നതിനെതിരെ ചില അന്താരാഷ്ട്ര എജന്‍സികള്‍ രംഗത്തെത്തിയിട്ടുണ്ട്.