ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കിയ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് – യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി കൂടിക്കാഴ്ചയിൽ വാക്കേറ്റവും വെല്ലുവിളിയും. നേതാക്കൾ തമ്മിൽ അതിരൂക്ഷമായ വാക്പോരാണ് ഉണ്ടായത്. വൈറ്റ് ഹൗസ് വിട്ട് പുറത്തുപോകാൻ സെലൻസ്കിയോട് ട്രംപ് ആജ്ഞാപിച്ചു. ഓവൽ ഓഫിസിൽ നടന്ന നാടകീയമായ ചർച്ചയ്ക്കിടെ സെലെൻസ്‌കിയുമായി അതിരൂക്ഷ തർക്കത്തെ തുടർന്ന് സംയുക്ത വാർത്താസമ്മേളനം ട്രംപ് റദ്ദാക്കി. പിന്നാലെ, വൈറ്റ് ഹൗസിൽ നിന്ന് സെലെൻസ്കി മടങ്ങി.
വൈറ്റ്ഹൗസിലെ ഓവൽ ഓഫീസിൽ അസാധാരണ സംഭവങ്ങളാണ് ഇന്നലെ നടന്നത്. മാധ്യമങ്ങളുടെ സാന്നിധ്യത്തിലാണ് ഓവൽ ഓഫീസിലെ ചർച്ച തുടങ്ങിയത്. സെലൻസ്കിക്ക് സമാധാനം പുലരണമെന്ന് താൽപ്പര്യമില്ലെന്നും അനാദരവ് കാട്ടിയെന്നും ട്രംപും വൈസ് പ്രസിഡൻറ് ജെഡി വാൻസും ആഞ്ഞടിച്ചു. ട്രംപിന്റെ എല്ലാ നിർദ്ദേശങ്ങളും സെലൻസ്കി തള്ളി. വാൻസ് യുക്രൈൻ സന്ദർശിച്ചിട്ടുണ്ടോ എന്ന മറുചോദ്യം സെലസ്കി ഉന്നയിച്ചു.
ചർച്ചയ്ക്കിടെ, യുദ്ധം അവസാനിപ്പിക്കാൻ പുട്ടിൻ കരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. പുട്ടിൻ വിശ്വസിക്കാനാവുന്ന വ്യക്തിയല്ലെന്നും കൊലയാളിയോട് ഒരു വിട്ടുവീഴ്ചയും ചെയ്യരുതെന്നും വ്യക്തമാക്കിയ സെലെൻസ്കി, യുദ്ധം അവസാനിപ്പിക്കാൻ തയാറെങ്കിൽ ഉറപ്പുകൾ ലഭിക്കണമെന്നും ആവശ്യപ്പെട്ടു. മൂന്നാം ലോകയുദ്ധമുണ്ടായേക്കാവുന്ന നടപടികളാണു സെലെൻസ്കിയുടേതെന്ന് ട്രംപ് ആരോപിച്ചു. ഇതോടെ, പുട്ടിനോടുള്ള മൃദുലമായ സമീപനത്തിൽ ട്രംപിനെ സെലെൻസ്കി പരസ്യമായി വെല്ലുവിളിച്ചു.
യുഎസ് ചെയ്ത സഹായങ്ങൾക്ക് നന്ദി വേണമെന്ന് സെലെൻസ്‌കിയോട് ട്രംപ് പറഞ്ഞു. ‘അമേരിക്കൻ ജനതയോട് ഞാൻ നിരവധി തവണ നന്ദി പറഞ്ഞിട്ടുണ്ട്’ – സെലെൻസ്‌കി പ്രതികരിച്ചു. രാഷ്ട്ര നേതാക്കളുടെ പതിവു ചർച്ചകളിൽ നിന്നു മാറി പരസ്പരം വാക്കുതർക്കത്തിലേക്ക് നീണ്ടതോടെയാണു ചർച്ച അവസാനിപ്പിച്ചത്.
യുദ്ധം അവസാനിപ്പിക്കേണ്ടത് നയതന്ത്രത്തിലൂടെയാണെന്ന വാൻസിന്റെ വാക്കുകളോട് എന്തുതരം നയതന്ത്രം എന്ന് സെലൻസ്കി തിരിച്ച് ചോദിച്ചു. റഷ്യൻ പ്രസിഡന്റ് പലതവണ ധാരണകൾ ലംഘിച്ചതിന്റെ ഉദാഹരണങ്ങൾ എണ്ണിപ്പറഞ്ഞു. ഇതോടെ വാൻസ് ക്ഷുഭിതനായി. അനാദരവ് കാട്ടുന്നു എന്നാരോപിച്ച് തർക്കമായി. പിന്നാലെ വാക്കുതർക്കം ട്രംപ് ഏറ്റെടുത്തു. സുരക്ഷാ വ്യവസ്ഥ വേണമെന്ന് പറയാൻ നിങ്ങൾക്ക് അവകാശമില്ലെന്നും മൂന്നാം ലോകമഹായുദ്ധമാണോ ലക്ഷ്യമെന്നും ട്രംപ് ചോദിച്ചു. യുക്രെയ്ന് ഇത്രയും കാലം ഫണ്ട് നൽകിയതിന് ബൈഡനെ വിഢ്ഢിയായ പ്രസിഡന്റ് എന്ന് വിളിച്ച് പരിഹസിക്കുകയും ചെയ്തു. പിന്നെ അധികനേരം ചർച്ച നീണ്ടില്ല. സംയുക്ത വാർത്താസമ്മേളനം റദ്ദാക്കി.
യുക്രെയ്നെ സംബന്ധിച്ച് ഏറ്റവും നിർണായകമായ ഒരു ചർച്ചയാണ് ഇങ്ങനെ അവസാനിച്ചത്. സമാധാനം ആവശ്യമെന്നു തോന്നിയാൽ സെലൻസ്കിക്ക് തിരിച്ചുവരാമെന്ന് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. വൈറ്റ് ഹൗസിന് പുറത്തിറങ്ങിയ സെലൻസ്കി മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ നിന്നില്ല. പിന്നിട് എക്സിൽ സെലൻസ്കി ട്രംപിന് നന്ദി പറഞ്ഞു. വിഷയം റഷ്യൻ മാധ്യമങ്ങളും ചർച്ചയാക്കുകയാണ്.
യുദ്ധത്തിൽ യുഎസിനു ചെലവായ പണത്തിനു പകരമായി യുക്രെയ്ൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പ്രകൃതിവിഭവ വ്യവസായങ്ങളുടെ 50 ശതമാനം വരുമാനം യുഎസുമായി പങ്കിടുന്ന കരാറിൽ സെലെൻസ്കി ഒപ്പുവച്ചില്ല. വിഷയത്തിൽ മൗനം പാലിക്കുകയാണ് ഇന്ത്യ. സ്ഥിതി നിരീക്ഷിക്കാനാണ് ഇന്ത്യയുടെ നീക്കം.
അതേസമയം കൂടിക്കാഴ്ചയിൽ സെലസ്കിയുടെ വസ്ത്രധാരണം മതിപ്പുണ്ടാക്കുന്നതായിരുന്നില്ലെന്നും ട്രംപിന്റെ നിരീക്ഷണമുണ്ടായി. വാഷിംഗ്ടണിലെ ട്രംപ് സെലൻസ്കി കൂടിക്കാഴ്ചയിൽ പരസ്പരം അഭിവാദ്യം ചെയ്തപ്പോൾ സെലൻസ്‌കിയുടെ വസ്ത്രത്തോടുള്ള ട്രംപിൻ്റെ പ്രതികരണം പ്രകടമായിരുന്നു. സ്യൂട്ട് ധരിക്കാത്തത് എന്നും നിങ്ങൾക്ക് സ്യൂട്ട് ഉണ്ടോയെന്നുമുള്ള മാധ്യമ പ്രവർത്തകന്റെ ചോദ്യത്തോട് യുദ്ധം പൂർത്തിയായ ശേഷം ഇത്തരം വസ്ത്രധാരണത്തിലേക്കോ ഇതിനേക്കാൾ മികച്ചതിലേക്കോ എത്താമെന്നായിരുന്നു സെലൻസ്കിയുടെ പ്രതികരണം.
Trump to Zelensky:
“I do like your clothing by the way” pic.twitter.com/yqcavmf0EI
— Visegrád 24 (@visegrad24) February 28, 2025