ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് റഷ്യയെ സസ്‌പെന്‍ഡ് ചെയ്തു. ഉക്രൈനില്‍ റഷ്യന്‍ സൈന്യം ക്രൂരമായ മനുഷ്യാവകാശ ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
അസംബ്ലിയിലെ 193 രാജ്യങ്ങളില്‍ 93 രാജ്യങ്ങളും റഷ്യയ്‌ക്കെതിരെ വോട്ട് ചെയ്തു. 24 രാജ്യങ്ങളാണ് റഷ്യയെ അനുകൂലിച്ചത്. റഷ്യയ്‌ക്കെതിരെ വോട്ട് ചെയ്യണമെന്ന് അമേരിക്ക രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 58 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
റഷ്യന്‍ സൈന്യം ബുച്ചയിലും കിയവിലും സാധാരണക്കാരെ കൊലപ്പെടുത്തിയെന്ന് ഉക്രൈന്‍ ആരോപിച്ചിരുന്നു. മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് രണ്ടാം തവണയാണ് ഒരു രാജ്യത്തെ സസ്‌പെന്‍ഡ് ചെയ്യുന്നത്. 2011ല്‍ ലിബിയയാണ് ആദ്യമായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്.
Read more
അതേ സമയം യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് റഷ്യയെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ ഉക്രൈന്‍ നന്ദിയറിയിച്ചു. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള യുഎന്‍ കൗണ്‍സിലില്‍ കുറ്റവാളികള്‍ക്ക് സ്ഥാനമില്ല. റഷ്യക്ക് എതിരായ പ്രമേയത്തെ പിന്തുണയ്ക്കുകയും ശരിയുടെ പക്ഷം തിരഞ്ഞെടുക്കുകയും ചെയ്ത എല്ലാ അംഗരാജ്യങ്ങളോടും നന്ദിയുണ്ടെന്നും ഉക്രൈന്‍ വിദേശകാര്യമന്ത്രി ദിമിട്രോ കുലേബ ട്വിറ്ററിലൂടെ അറിയിച്ചു.