ഉക്രൈന്‍ അധിനിവേശത്തെ ശക്തമായി അപലപിച്ച് യു.എന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച് പ്രമേയം റഷ്യ വീറ്റോ ചെയ്തു. ഉക്രൈനെതിരായ ആക്രമണത്തെ അപലപിച്ചും, ഒപ്പം സൈനികരെ ഉടന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയമാണ് പ്രതീക്ഷിച്ചിരുന്നത് പോലെ തന്നെ റഷ്യ വീറ്റോ ചെയ്തത്. ചൈനയും ഇന്ത്യയും യു.എ.ഇയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
അമേരിക്കയും അല്‍ബേനിയയും ചേര്‍ന്നാണ് പ്രമേയം തയ്യാറാക്കി അവതരിപ്പിച്ചത്. സമിതിയിലെ 15 അംഗങ്ങളില്‍ 11 പേരും പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. രക്ഷാസമിതിയിലെ സ്ഥിരാംഗമെന്ന നിലയില്‍ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പാസായില്ല.
‘റഷ്യ, നിങ്ങള്‍ക്ക് ഈ പ്രമേയം വീറ്റോ ചെയ്യാന്‍ കഴിയും, പക്ഷേ നിങ്ങള്‍ക്ക് ഞങ്ങളുടെ ശബ്ദങ്ങള്‍ വീറ്റോ ചെയ്യാന്‍ കഴിയില്ല, നിങ്ങള്‍ക്ക് സത്യം വീറ്റോ ചെയ്യാന്‍ കഴിയില്ല, ഞങ്ങളുടെ തത്വങ്ങളെ നിങ്ങള്‍ക്ക് വീറ്റോ ചെയ്യാന്‍ കഴിയില്ല, നിങ്ങള്‍ക്ക് ഉക്രൈനിയന്‍ ജനതയെ വീറ്റോ ചെയ്യാന്‍ കഴിയില്ല.’, യുഎന്നിലെ യു.എസ് അംബാസഡര്‍ ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് വോട്ടെടുപ്പിന് ശേഷം പ്രതികരിച്ചു.
റഷ്യ ഒറ്റപ്പെട്ടിരിക്കുകയാണ്. അബദ്ധങ്ങള്‍ ചെയ്യരുത്. റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിന് ആരുടേയും പിന്തുണയില്ലെന്ന് ബ്രിട്ടന്‍ അംബാസഡര്‍ ബാര്‍ബറ വുഡ്വാര്‍ഡ് പറഞ്ഞു.
Read more
നിലവില്‍ രക്ഷാസമിതി അധ്യക്ഷ സ്ഥാനം വഹിക്കുന്നത് റഷ്യയാണ്. പ്രമേയം തള്ളിയതോടെ യു.എന്‍ ജനറല്‍ അസംബ്ലിക്ക് മുമ്പാകെ സമാനമായ ഒരു പ്രമേയത്തിന്മേല്‍ മറ്റൊരു വോട്ടെടുപ്പ് നടന്നേക്കും. വലിയ ഭൂരിപക്ഷത്തോടെ പ്രമേയം പാസാകാനിടയുണ്ടെങ്കിലും ഇത് റഷ്യയ്ക്ക് ബാധകമാകില്ല.