ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചും അമേരിക്കയോട് ശത്രുത പുലർത്തുന്ന പ്രോക്സികൾക്കുള്ള പിന്തുണയെക്കുറിച്ചും ഇറാനുമായി സംഭാഷണങ്ങൾ ആരംഭിക്കാൻ ഫെബ്രുവരിയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനെ ഫോണിൽ ബന്ധപ്പെട്ടതായി റിപ്പോർട്ട്. ചൊവ്വാഴ്ച പ്രസിദ്ധികരിച്ച ബ്ലൂംബെർഗ് വാർത്താ ലേഖനമാണ് ഇത് പറയുന്നത്.
“അമേരിക്കയും ഇറാനും എല്ലാ പ്രശ്‌നങ്ങളും ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് റഷ്യ വിശ്വസിക്കുന്നു” എന്നും “ഇത് നേടിയെടുക്കാൻ മോസ്കോ അതിന്റെ കഴിവിന്റെ പരമാവധി ചെയ്യാൻ തയ്യാറാണ്” എന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ബ്ലൂംബെർഗിനോട് പറഞ്ഞു. ആ പങ്ക് വഹിക്കാൻ ആവശ്യപ്പെടാതെ തന്നെ റഷ്യ ഈ പ്രവർത്തനത്തിന് സന്നദ്ധത അറിയിച്ചതായി ഒരു പേര് വെളിപ്പെടുത്താത്ത വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ ബ്ലൂംബെർഗിനോട് പറഞ്ഞു.
“ഈ കാര്യങ്ങളുടെ പ്രാധാന്യം കണക്കിലെടുക്കുമ്പോൾ, പല കക്ഷികളും വിവിധ പ്രശ്‌നങ്ങളിൽ സഹായിക്കാൻ സന്മനസ്സും സന്നദ്ധതയും പ്രകടിപ്പിക്കാൻ സാധ്യതയുണ്ട്… ആവശ്യമെങ്കിൽ രാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്യുന്നത് സ്വാഭാവികമാണ്.” തിങ്കളാഴ്ച ഇറാനിൽ നടന്ന ഒരു ടെലിവിഷൻ പത്രസമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായേൽ ബഗായ് പറഞ്ഞു.