കായികരംഗത്തെ ‘ഓസ്കർ’ എന്നറിയപ്പെടുന്ന ലോറസ് പുരസ്കാരം ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുൽക്കറിന്. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്തെ ഏറ്റവും മികച്ച കായിക മുഹൂർത്തത്തെ അടയാളപ്പെടുത്തുന്നതിനായി ലോറസ് നൽകുന്ന ‘സ്പോർടിംഗ് മൊമെന്റ് 2000-2020 അവാർഡാണ് സചിന് ലഭിച്ചത്.
2011-ലെ ഐ.സി.സി ക്രിക്കറ്റ് വേള്‍ഡ് കപ്പ് ഫൈനല്‍ വിജയത്തിനു ശേഷം സച്ചിന് ടെണ്ടുല്‍ക്കറെ തോളിലേറ്റി ആഹ്ലാദം പങ്കിടുന്ന ഇന്ത്യന്‍ താരങ്ങളുടെ ചിത്രമാണ് പുരസ്കാരം നേടിയത്. ഒരു രാജ്യത്തിന്റെ ചുമലിലേറി എന്ന തലക്കെട്ടോടെ അവതരിപ്പിച്ച ചിത്രം ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി ഒന്നാമതെത്തി.
അതേസമയം 2019-ലെ മികച്ച പുരുഷ കായിക താരത്തിനുള്ള ലോറസ് പുരസ്കാരം മെസിയും ഹാമില്‍ട്ടണും പങ്കിട്ടു. ഇതാദ്യമായാണ് ലോറസ് പുരസ്കാരം പങ്കിടുന്നത്. ഫോര്‍മുല വണ്‍ ലോകചാമ്പ്യനാണ് ലൂയി ഹാമില്ട്ടണ്. പുരസ്കാരം സ്വന്തമാക്കുന്ന ആദ്യത്തെ ഫുട്ബോള്‍ താരമാണ് ലയണല്‍ മെസി.
മികച്ച വനിതാ കായികതാരത്തിനുള്ള പുരസ്കാരം അമേരിക്കന്‍ ജിംനാസ്റ്റ് സിമോണ്‍ ബെല്‍സ് നേടി. മികച്ച ടീമിനുള്ള പുരസ്കാരം സ്പാനിഷ് ബാസ്കറ്റ് ബാള്‍ ടീം നേടി.