സൗദി കോടീശ്വര രാജാവ് അല്‍വലീദ് ബിന്‍ തലാല്‍ മോചിതനായെന്ന് കുടുംബാംഗങ്ങള്‍

അഴിമതി ആരോപണത്തെ തുടര്‍ന്ന് അറസ്റ്റിലായ സൗദി അറേബ്യയിലെ കോടീശ്വര രാജകുമാരന്മാരില്‍ ഒരാളായ അല്‍വലീദ് ബിന്‍ തലാല്‍ മോചിതനായെന്ന് റിപ്പോര്‍ട്ട്. രണ്ടുമാസത്തെ ജയില്‍ശിക്ഷയ്ക്കുശേഷമാണ് അല്‍വലീദ് രാജകുമാരന്‍ ഇപ്പോള്‍ മോചിതനായിരിക്കുന്നതെന്ന് കുടുംബാംഗങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

സൗദി രാജകുടുംബാംഗമായ അല്‍വലീദിനെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത് റിയാദിലെ ഒപുലന്റ് റിറ്റ്സ് കാള്‍ട്ടന്‍ ഹോട്ടലിലായിരുന്നു. ഇവിടെ നിന്ന് റോയിറ്റേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ദിവസങ്ങള്‍ക്കുള്ളില്‍ ജയില്‍ മോചിതനാകുമെന്ന് അല്‍വലീദ് പറഞ്ഞിരുന്നു. അഭിമുഖം പ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇപ്പോള്‍ സൗദി കോടീശ്വരന്റെ മോചന വാര്‍ത്ത പുറത്തുവരുന്നത്.

അല്‍വലീദിന്റെ മോചനത്തിന് പിന്നില്‍ പണമിടപാട് ഉണ്ടോ എന്ന കാര്യം വ്യക്തമല്ല. അഴിമതി ആരോപണം നേരിട്ട് അഴിക്കുള്ളിലായ രാജകുമാരന്മാര്‍ നേരത്തെ ഭീമമായ തുക പിഴ നല്‍കി പുറത്തിറങ്ങിയതായി വാര്‍ത്തകള്‍ വന്നിരുന്നു. നിലവില്‍ സൗദിയുടെ ഭരണം കൈയാളുന്ന കരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശ പ്രകാരം കഴിഞ്ഞ നവംബറിലാണ് അല്‍വലീദ് രാജാവ് ഉള്‍പ്പടെയുള്ള ബിസിനസുകാരെയും , ഉദ്യോഗസ്ഥരെയും അഴിമതികേസില്‍ അറസ്റ്റിലായത്.