സ്കൂൾ വിദ്യാർത്ഥിയെ മാസങ്ങളോളം പീഡിപ്പിച്ച കേസിൽ അധ്യാപിക അറസ്റ്റിൽ. എട്ടു വർഷത്തിനു ശേഷം പുറത്തറിഞ്ഞ സംഭത്തിലാണ് പൊലീസ് നടപടിയെടുത്തിരിക്കുന്നത്. അമേരിക്കയിലെ മെറിലാന്‍ഡിലാണ് സംഭവം. എട്ടാം ക്ലാസുകാരനെ മദ്യവും ലഹരിയും നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അധ്യാപികയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
14 വയസ് പ്രായമുള്ളപ്പോള്‍ നടന്ന ലൈംഗിക പീഡനത്തേക്കുറിച്ച് അടുത്തിടെയാണ് യുവാവ് പരാതി നല്‍കിയത്. മെലിസ മേരീ കർട്ടിസ് എന്ന 31 കാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇവര്‍ മെറിലാന്‍ഡ് സംസ്ഥാനത്തെ അപ്പർ മാൾബെറോ സ്വദേശിയാണ്.രണ്ട് വർഷമാണ് പീഡനത്തിനിരയായ വിദ്യാർത്ഥിയുടെ സ്കൂളിൽ അധ്യാപിക ജോലി ചെയ്തത്. ഇരുപതിലേറെ തവണ പീഡിപ്പിക്കപ്പെട്ടുവാണ് യുവാവ് പരാതിപ്പെട്ടിട്ടുള്ളത്.
2015ലാണ് പീഡനം നടക്കുന്നത്. അന്ന് 22 വയസുകാരിയായ പ്രതി മിഡിൽ സ്കൂൾ അധ്യാപികയായിരുന്നു. വിദ്യാർത്ഥിയെ മദ്യവും കഞ്ചാവും നൽകിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. സ്കൂളിലും അധ്യാപികയുടെ വാഹനത്തിലും മറ്റ് വിവിധ ഇടങ്ങളിലും വച്ച് 2015 ജനുവരി മുതല്‍ മെയ് വരെയാണ് പീഡനം നടന്നതെന്നാണ് പരാതി.
പിന്നീട് ഇവർ മറ്റൊരു സ്കൂളിലേക്ക് മാറ്റം വാങ്ങി പോയിരുന്നു. കഴിഞ്ഞ മാസം അവസാനമാണ് അധ്യാപികയെ അറസ്റ്റ് ചെയ്യാനുള്ള വാറണ്ട് പുറത്തിറങ്ങിയത്. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പീഡിപ്പിച്ചതിനും മറ്റ് ലൈംഗിക പീഡനക്കേസുകളും ചുമത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ചോദ്യം ചെയ്യലില്‍ കുറ്റ സമ്മതം നടത്തിയ പ്രതിയുടെ വിചാരണ അടുത്ത ദിവസങ്ങളില്‍ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.