ഉക്രൈനില്‍ രാസായുധങ്ങളോ മറ്റ് ജൈവായുധങ്ങളോ വികസിപ്പിച്ചിട്ടില്ലെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി. റഷ്യ അത്തരത്തില്‍ ഒരു ആക്രമണം നടത്തിയാല്‍ ഏറ്റവും കടുത്ത ഉപരോധങ്ങള്‍ നേരിടേണ്ടി വരുമെന്നും സെലന്‍സ്‌കി മുന്നറിയിപ്പ് നല്‍കി. ഉക്രൈന്‍ ജൈവായുധങ്ങള്‍ വികസിപ്പിക്കുന്നതില്‍ ഗവേഷണം നടത്തുന്നുവെന്ന് റഷ്യ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് സെലന്‍സ്‌കിയുടെ പ്രതികരണം.
താന്‍ ഒരു രാജ്യത്തിന്റെ പ്രസിഡന്റാണ്. കൂടാതെ രണ്ട് കുട്ടികളുടെ പിതാവുമാണ്. തങ്ങളുടെ ഭൂമിയില്‍ രാസവസ്തുക്കളോ മറ്റ് നശീകരണ ആയുധങ്ങളോ വികസിപ്പിച്ചിട്ടില്ല. ലോകത്തിന് മുഴുവന്‍ അത് അറിയാം. നിങ്ങള്‍ക്കുമറിയാം. റഷ്യ തങ്ങള്‍ക്കെതിരെ അത്തരത്തിലുള്ള എന്തെങ്കിലും ചെയ്താല്‍, അതിന് ഏറ്റവും കടുത്ത ഉപരോധ പ്രതികരണങ്ങള്‍ റഷ്യക്ക് ലഭിക്കുമെന്ന് സെലന്‍സ്‌കി വ്യക്തമാക്കി.
യു.എസ് ധനസഹായത്തോടെ ഉക്രൈനില്‍ രാസായുധങ്ങള്‍ വികസിപ്പിക്കാനുള്ള ഗവേഷണം നടക്കുന്നുവെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയ വക്താവ് ആരോപിച്ചിരുന്നു. ബയോ മെറ്റീരിയല്‍ വിദേശത്തേക്ക് കൈമാറുന്നതുള്‍പ്പെടെ ഉക്രൈനിലെ യുഎസ് സൈനിക-ജീവശാസ്ത്ര പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന രേഖകള്‍ മന്ത്രാലയത്തിന്റെ കൈവശം ഉണ്ടെന്നാണ് റഷ്യ അവകാശപ്പെട്ടത്.
ഉക്രൈനിനെ പോലെ തന്നെ നാറ്റോയിലും യൂറോപ്യന്‍ യൂണിയനിലും ചേരാന്‍ ലക്ഷ്യമിടുന്ന മറ്റൊരു മുന്‍ സോവിയറ്റ് റിപ്പബ്ലിക്കായ ജോര്‍ജിയയിലെ ഒരു ലാബിലും അമേരിക്ക രഹസ്യമായി ജൈവ പരീക്ഷണങ്ങള്‍ നടത്തുന്നുവെന്ന് റഷ്യ ആരോപിച്ചിരുന്നു. റഷ്യന്‍ അതിര്‍ത്തികളിലാണ് യു.എസിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നും റഷ്യ പറഞ്ഞിരുന്നു.
എന്നാല്‍ ഈ ആരോപണങ്ങള്‍ വാഷിങ്ടണും, കീവും ഉള്‍പ്പടെ നിഷേധിച്ചിരുന്നു. റഷ്യ ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി സെലന്‍സ്‌കി തന്നെ രംഗത്തെത്തിയത്.