അഫ്ഗാനിസ്ഥാനിലെ അസദാബാദിൽ വ്യാഴാഴ്ച സ്വാതന്ത്ര്യദിന റാലിക്കിടെ ഉണ്ടായ തിക്കിലുംതിരക്കിലും ദേശീയ പതാക ഉയർത്തിയ ആളുകൾക്ക് നേരെ താലിബാൻ ഭീകരർ നടത്തിയ വെടിവെയ്‌പ്പിലും നിരവധി ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സമാനമായ പ്രതിഷേധത്തിൽ ഇന്നലെ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.
അഫ്ഗാൻ പതാക വീശി ആളുകൾ നടത്തിയ പ്രതിഷേധങ്ങളും, താലിബാന്റെ വെളുത്ത പതാക വലിച്ചുകീറി ആളുകൾ നടത്തിയ പ്രതിഷേധങ്ങളും താലിബാനെതിരായ ജനകീയ എതിർപ്പിന്റെ ആദ്യ സൂചനകളാണ്.
അസദാബാദിൽ ഉണ്ടായ മരണങ്ങൾ വെടിവെയ്പ്പിൽ നിന്നാണോ അതോ തിക്കിലുംതിരക്കിലുമാണോ ഉണ്ടായതെന്ന് വ്യക്തമല്ല എന്നും ചില ദൃക്‌സാക്ഷികൾ പറഞ്ഞതായാണ് റിപ്പോർട്ട്.
കിഴക്കൻ നഗരമായ ജലാലാബാദിലും പക്തിയ പ്രവിശ്യയിലെ ഒരു ജില്ലയിലും പ്രതിഷേധങ്ങൾ ഉണ്ടായെങ്കിലും ഗുരുതരമായ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
1919 ഓഗസ്റ്റ് 19 നാണ് ബ്രിട്ടീഷ് നിയന്ത്രണത്തിൽ നിന്ന് അഫ്ഗാനിസ്ഥാന് സ്വാതന്ത്ര്യം ലഭിക്കുന്നത്.
ബുധനാഴ്ച, താലിബാൻ ഭീകരർ ജലാലാബാദിൽ അഫ്ഗാൻ ദേശീയ പതാക ഉയർത്തിയ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർക്കുകയും മൂന്ന് പേർ കൊല്ലപ്പെടുകയും ചെയ്തുവെന്ന് സാക്ഷികളും മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
അസദബാദിലും മറ്റൊരു കിഴക്കൻ നഗരമായ ഖോസ്റ്റിലും ബുധനാഴ്ച സമാനമായ സംഭവങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു, ചിലയിടങ്ങളിൽ പ്രതിഷേധക്കാർ താലിബാൻറെ വെളുത്ത ഇസ്ലാമിക ബാനർ കീറിക്കളഞ്ഞു.
താലിബാനെ എതിർക്കാൻ ശ്രമിക്കുന്ന ആദ്യ വൈസ് പ്രസിഡന്റ് അംറുല്ല സാലിഹ് പ്രതിഷേധങ്ങൾക്ക് പിന്തുണ അറിയിച്ചു.
ദേശീയ പതാക വഹിക്കുന്നവരെ അഭിവാദ്യം ചെയ്യുന്നതായും അവർ രാജ്യത്തിന്റെ അന്തസ്സിനായി നിലകൊള്ളുന്നു എന്നും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.