Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

WORLD

ഇസ്രയേല്‍ അധിനിവേശത്തിനെതിരായ സന്ദേശവുമായി ‘ഷിപ് ടു ഗാസ’ പായ്കപ്പലുകള്‍ പുറപ്പെട്ടു

, 5:52 pm

ഷോണ്‍ സെബാസ്റ്റ്യന്‍, ഗോഥെൻബെർഗ്, സ്വീഡന്‍

ഇസ്രയേലിന്റെ പലസ്തീന്‍ അധിനിവേശത്തിന്റെ എഴുപതാം  വാര്‍ഷികത്തോടനുബന്ധിച്ചു ഗാസയില്‍ സംഘര്‍ഷം വര്‍ദ്ധിച്ചു വരുന്ന ഘട്ടത്തിലാണ് സമാധാനത്തിന്റെയും പ്രതിഷേധത്തിന്റെയും സന്ദേശവുമായി മൂന്നു പായ്കപ്പലുകള്‍ യൂറോപ്പില്‍ നിന്നും ഗാസയിലേക്കു യാത്ര തിരിച്ചിരിക്കുന്നത്. ‘ഫ്രീഡം ഫ്‌ലോട്ടിലിയ ‘ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് നോര്‍വേയില്‍ നിന്നും സ്വീഡനില്‍ നിന്നും അവശ്യവസ്തുക്കളുമായി പായ്കപ്പലുകള്‍ ഗാസയിലേക്കു നീങ്ങുന്നത്. ഗാസയെ ഞെരുക്കുന്ന ഇസ്രയേല്‍ ഉപരോധം ഒഴിവാക്കുക എന്നതാണ് മുന്നേറ്റത്തിന്റെ പ്രധാന ആവശ്യം.

മെയ് 15- നാണ് പലസ്തീന്‍ ജനത ‘നഖ്ബ ‘ (catastrophe) എന്ന് വിശേഷിപ്പിക്കുന്ന 1948 ഇസ്രയേല്‍ അധിനിവേശത്തിന്റെ എഴുപതാം വാര്‍ഷികം. അതിന് മുമ്പേ ഹമാസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ആറ് ആഴ്ചയായി ‘ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ ‘ എന്ന പേരില്‍ ഗാസ-ഇസ്രായേല്‍ അതിര്‍ത്തി സംഘര്‍ഷഭരിതമായിരുന്നു. ഈ ഘട്ടത്തില്‍ നൂറിലധികം പേര്‍ മരിക്കുകയും, ആയിരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അമേരിക്ക ജറുസലേമില്‍ എംബസി തുറന്നതുമായി ബന്ധപ്പെട്ടു തിങ്കളാഴ്ച നടന്ന അക്രമസംഭവത്തില്‍, 58 പേര്‍ മരിക്കുകയും മൂവായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ‘ഷിപ് ടു ഗാസ’ എന്ന മുന്നേറ്റം കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

പലസ്തീന്‍ ഭരിക്കുന്ന ഹമാസ് തങ്ങള്‍ക്കെതിരായി ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന ആരോപണത്താലാണ് 2007 മുതല്‍ ഇസ്രയേല്‍ ഗാസയുടെ മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ഇസ്രയേലിന്റെ പരിധിയിലുള്ള കടല്‍, കര അതിര്‍ത്തികള്‍ ഒന്നര ദശലക്ഷത്തോളം വരുന്ന ഗാസയിലെ ജനങ്ങളെ കഴിഞ്ഞ പന്ത്രണ്ടു വര്‍ഷങ്ങളായി വലിഞ്ഞു മുറുക്കുന്നു.

അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവും  വൈദ്യുതി, വെള്ളം മുതലായ നിത്യജീവിത സേവനങ്ങളുടെ അഭാവവും ഗാസയില്‍ നിത്യസംഭവങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഗാസയുടെ തീരദേശം തങ്ങളുടെ പരിധിയില്‍ വയ്ക്കുക വഴി ഇസ്രയേല്‍ ആഗോള കച്ചവടത്തിനുള്ള ഗാസ ജനതയുടെ അവകാശമാണ് നിഷേധിക്കുന്നത്. തൊഴില്‍രഹിതരുടെ എണ്ണവും ഗാസയില്‍ ഏറെയാണ്. മനുഷ്യാവകാശ സംഘടനകളുടെ നിഗമനപ്രകാരം ഗാസയിലെ ജനങ്ങള്‍ വലിയ തോതില്‍ പോഷകാഹാരക്കുറവ് നേരിടുന്നുണ്ട്. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ 2020ല്‍ ഗാസ വാസയോഗ്യമല്ലാതായിത്തീരും എന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ നിഗമനം.

ഗാസയിലേക്കു അവശ്യസാധനങ്ങള്‍ എത്തിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ പലപ്പോഴും ഇസ്രയേല്‍ എതിര്‍ത്തിട്ടുണ്ട്. 2010ല്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുമായി ഗാസയിലേക്കു വന്ന ടര്‍ക്കിഷ് കപ്പലിനെ ഇസ്രയേല്‍ ആക്രമിക്കുകയും, പത്തു ടര്‍ക്കിഷ് മനുഷ്യാവകാശ പ്രവര്‍ത്തകരെ വെടിവെച്ചു കൊല്ലുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവര്‍ ഹമാസ് തീവ്രവാദികള്‍ ആയിരുന്നു എന്നായിരുന്നു ഇസ്രയേലിന്റെ പ്രതികരണം.

ഉപരോധത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ ശബ്ദമുയര്‍ത്തി മെഡിറ്ററേനിയന്‍ തീരത്തടുത്ത പല കപ്പലുകളെയും ഇസ്രയേല്‍ ഗാസയില്‍ അടുപ്പിക്കാന്‍ അനുവദിച്ചില്ല. അവശ്യവസ്തുക്കള്‍ ഇസ്രയേല്‍ തീരത്തു അടുപ്പിച്ചു പരിശോധനകള്‍ക്കു ശേഷം മാത്രം ഗാസയിലെത്തിച്ചാല്‍ മതിയെന്നാണ് ഇസ്രയേലിന്റെ ഔദ്യോഗിക നിലപാട്. ഗാസയിലെ മനുഷ്യാവകാശ സേവനങ്ങളുടെ മറവില്‍ കപ്പലുകളില്‍ കടത്തുന്നത് ഗാസയിലെ തീവ്രവാദികള്‍ക്കുള്ള പണവും ആയുധ ങ്ങളും ആണെന്നാണ് ഇസ്രയേലിന്റെ ആരോപണം.

സ്വീഡനില്‍ നിന്നും ഗാസ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വന്ന കപ്പലുകളുമായി ബന്ധപ്പെട്ടു ഇതിനു മുന്‍പും വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.

2012ല്‍ സ്വീഡനില്‍ നിന്നും ഗാസയിലേക്കു വന്ന ‘S / V Estelle’ എന്ന പായ്കപ്പല്‍ ഇസ്രായേല്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട നിയമയുദ്ധം 2016 ലാണ് ഇസ്രയേല്‍ കോടതി സ്വീഡന് അനുകൂലമായി വിധിച്ചത്. പ്രത്യുപകാരമായി നല്‍കുന്ന തുക ഗാസയിലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും എന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

2015ല്‍ ഗാസയിലേക്കു വന്ന സ്വീഡിഷ് ബോട്ട് ഇസ്രയേല്‍ പിടിച്ചെടുത്തു നശിപ്പിക്കുകയും, ബോട്ടില്‍ ഉണ്ടായിരുന്ന അന്താരാഷ്ട്ര പ്രതിനിധികളെ അറസ്റ്റു ചെയ്തു പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു.

അന്താരാഷ്ട്ര നാവിക നിയമങ്ങള്‍വെല്ലുവിളിച്ച്  കപ്പലുകള്‍ തടയുന്ന ഇസ്രയേലി പ്രവണത അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ അക്രമ പ്രദേശം എന്ന നിലയില്‍ ഗാസയുടെ തീരദേശം തങ്ങള്‍ക്കു കൈവശം വയ്ക്കാം എന്നാണ് ഇസ്രയേലി വാദം.

‘ഞങ്ങള്‍ ഗാസയില്‍ എത്തുമെന്നു ഇപ്പോള്‍ ഉറപ്പു പറയാന്‍ കഴിയില്ല. പലപ്പോഴും ഇസ്രയേല്‍ നാവിക സേന ഇത്തരം ശ്രമങ്ങളെ തടയുകയാണ് പതിവ്,’ ഗോഥെന്‍ബര്‍ഗ് ഹാര്‍ബറില്‍ അടുപ്പിച്ചിട്ടിരുന്ന ‘ഷിപ് ടു ഗാസ’ പായ്കപ്പലിലെന്റെ മേൽനോട്ടക്കാരിൽ ഒരാള്‍ എന്നോട് പറഞ്ഞു.

കപ്പലില്‍ കൂടുതലായും മരുന്നുകളാണെന്നും ഗാസയിലെ ജനങ്ങളുടെ മനുഷ്യാവകാശ ശ്രമങ്ങളുടെ ഭാഗമായി നടത്തുന്ന യാത്രക്ക് വലിയ രീതിയിലുള്ള പൊതുസ്വീകാര്യതയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

സംഘത്തെ നയിക്കുന്ന നോര്‍വിജിയന്‍ കപ്പല്‍ ഏപ്രില്‍ 30നു ബെര്‍ഗെനില്‍ നിന്നും യാത്ര തിരിച്ചിരുന്നു.  സ്വീഡനില്‍ നിന്നുമുള്ള മറ്റു കപ്പലകള്‍ മെയ് 15 നു
യാത്ര തിരിച്ചു.  നോര്‍വേ , സ്വീഡന്‍, ജര്‍മ്മനി, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കപ്പലുകളില്‍ ഉണ്ടാവും എന്ന് സംഘാടകര്‍ അറിയിച്ചു.

യാത്രയില്‍ ഉടനീളം മറ്റു രാജ്യങ്ങള്‍ സന്ദര്‍ശിക്കുക വഴി ഗാസ ഉപരോധവുമായി ബന്ധപ്പെട്ട അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു. സാധാരണഗതിയില്‍ ഏകദേശം രണ്ടു മാസത്തോളം നീണ്ടതാണ് സ്വീഡനില്‍ നിന്നും ഗാസയിലേക്കുള്ള യാത്ര.

ആഗോളതലത്തില്‍ ‘ഷിപ് ടു ഗാസ’ ക്കു പ്രശംസ നേര്‍ന്ന് പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ നോം ചോംസ്‌കി മുന്നോട്ടു വന്നിട്ടുണ്ട്.

‘Gaza’s suffering testifies to man’s ability to sadism and to pretend not to be seen. Sadism is seen by the ruthless Israeli occupiers who have not for a moment released their iron streak on Gaza and now assisted by the brutal Egyptian dictatorship’.

ഇത്തരം മുന്നേറ്റങ്ങള്‍ പലസ്തീന്‍ ജനതക്ക് പ്രത്യാശ നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രയേലിന്റെയും ഈജിപ്തിന്റെയും മധ്യത്തില്‍ മെഡിറ്ററേനിയന്‍ കടല്‍ക്കരയിലുള്ള ചെറിയ പ്രദേശമാണ് ഗാസ. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം, അറബ് അധിനിവേശ പാലസ്തിന്‍ പ്രദേശത്തേക്കുള്ള ജൂതരുടെ കുത്തൊഴുക്കിനു ശേഷമാണു 1948ല്‍ ഇസ്രയേല്‍ നിലവില്‍ വരുന്നത്. തുടര്‍വര്‍ഷങ്ങളില്‍ അറബ് രാജ്യങ്ങളുമായുള്ള യുദ്ധങ്ങള്‍ക്ക് ശേഷം, ഗാസയും  വെസ്റ്റ് ബാങ്കും ഉള്‍പ്പെടെ ഒട്ടേറെ അറബ് പ്രദേശങ്ങള്‍ ഇസ്രയേല്‍ പിടിച്ചെടുത്തിരുന്നു.

Advertisement