രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഭരണ പ്രതിസന്ധിയിലായ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് യുന്‍ സുക് യോളിന്റെ അധികാരം നഷ്ടമായി. പാര്‍ലമെന്റില്‍ നടന്ന ഇംപീച്ച്‌മെന്റിലൂടെയാണ് യുന്‍ സുക് യോളിനെ പുറത്താക്കിയത്. ഭരണപ്രതിസന്ധിയില്‍ വ്യാപക വിമര്‍ശനം നേരിടുന്നതിനിടെയാണ് യുന്‍ സുക് യോളിന് സ്ഥാനം നഷ്ടമായിരിക്കുന്നത്.
300 എംപിമാരില്‍ ഇംപീച്ച്‌മെന്റിനെ അനുകൂലിച്ച് 204 പേര്‍ വോട്ട് ചെയ്തപ്പോള്‍ 85 പേര്‍ എതിര്‍ത്തു. മൂന്ന് എംപിമാര്‍ വിട്ടുനിന്നപ്പോള്‍ എട്ടു വോട്ടുകള്‍ അസാധുവായി. ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമായിരുന്നു. ഇതോടെ സൂക് യോളിന് എല്ലാ പ്രസിഡന്‍ഷ്യല്‍ അധികാരങ്ങളും നഷ്ടമായി.
ഡിസംബര്‍ 3ന് ആയിരുന്നു യുന്‍ സുക് യോളിന്‍ പട്ടാള നിയമം പ്രഖ്യാപിച്ചത്. തുടര്‍ച്ചയായ കലാപങ്ങള്‍ നടത്തി ദേശീയ അസംബ്ലിയെയും പൊതുജനങ്ങളെയും ഭീഷണിപ്പെടുത്തി യൂന്‍ കലാപം നടത്തിയെന്ന് ആരോപിച്ചാണ് പാര്‍ലമെന്റില്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്നത്.