കലാപഭൂമിയായി ശ്രീലങ്ക, ട്രെയിനുകള്‍ പിടിച്ചെടുക്കുന്നു, അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കലാപഭൂമിയായി ശ്രീലങ്ക. ആയിരക്കണക്കിന് പ്രഷോഭകര്‍ പ്രസിഡന്റ് ഗോത്തബയ രജപക്സെയുടെ വസതി കയ്യേറി. സുരക്ഷാ സേനകളെയെല്ലാം മറികടന്ന് ആയിരക്കണക്കിന് പ്രക്ഷോഭകരാണ് വസതി വളഞ്ഞത്. കലാപം ശക്തമായതോടെ രജപക്സെ രാജ്യം വിട്ടതായാണ് വിവരം.

പലയിടങ്ങളിലും പൊലീസുകാരും കായിക താരങ്ങളും പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നുണ്ട്. സനത് ജയസൂര്യ അടക്കമുള്ള കായിക താരങ്ങള്‍ പ്രക്ഷോഭനിരയിലുണ്ട്. കൂടുതല്‍ പ്രക്ഷോഭകാരികള്‍ ട്രെയിനില്‍ കൊളംബോയിലേക്ക് തിരിച്ചതായും വിവരമുണ്ട്. കാന്‍ഡി റെയില്‍വേ സ്റ്റേഷന്‍ സമരക്കാര്‍ പൂര്‍ണമായും പിടിച്ചെടുത്തു. ട്രെയിനുകളും പ്രതിഷേധക്കാര്‍ പിടിച്ചെടുത്തു.

സൈനികരുടെ ബാരിക്കേഡുകള്‍ തകര്‍ത്ത് കൊളംബോയില്‍ പ്രക്ഷോഭക്കാര്‍ മുന്നേറുകയാണ്. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ 33 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. രണ്ടുപേരുടെ നില ഗുരുതരമാണ്. പ്രക്ഷോഭകരെ നേരിടാന്‍ സുരക്ഷാ സേന ആകാശത്തേക്ക് വെടിവച്ചു. സേന കണ്ണീര്‍ വാതകവും ലാത്തിയും പ്രയോഗിച്ചു. എന്നാല്‍ കണ്ണീര്‍ വാതകം നിര്‍വീര്യമാക്കുന്നതിനുള്ള സജീകരണങ്ങളുമായാണ് പ്രക്ഷോഭകാരികള്‍ എത്തിയത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബസുകളിലും, ട്രെയിനുകളിലും ട്രക്കുകളിലുമായി ആയിരക്കണക്കിന് ആളുകളാണ് തലസ്ഥാനമായ കൊളംബോയില്‍ എത്തിയത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് സൈന്യത്തിനും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം വിളിച്ചിട്ടുണ്ട്. പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി സ്പീക്കര്‍ക്ക് കത്ത് നല്‍കി.

രാജ്യത്ത് അതീവ ഗുതുതര സ്ഥിതി നിലനില്‍ക്കുന്ന സാഹചര്യം പരിഗണിച്ച് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ശ്രീലങ്കയില്‍ കലാപം പൊട്ടിപുറപ്പെട്ടത്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് പ്രഷോഭം തുടങ്ങിയിട്ട് മാസങ്ങളായി. മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചിട്ടും ഗോത്തബയ പ്രസിഡന്റായി തുടരുകയായിരുന്നു.

വെള്ളിയാഴ്ചയും പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചിരുന്നു. മാസങ്ങളായി തുടരുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്തില്ലെന്നാണ് ആരോപണം.