യൂട്യൂബ് മുൻ സിഇഒ സൂസൻ വോജിസ്‌കി (56) അന്തരിച്ചു. ശ്വാസകോശ അർബുദം ബാധിച്ച് രണ്ട് വർഷമായി ചികിത്സയിലായിരുന്നു. സൂസന്റെ ഭർത്താവ് ഡെന്നിസ് ട്രോപ്പറാണ് ഫെയ്‌സ്ബുക്കിലൂടെ മരണവിവരം പുറത്തുവിട്ടത്. 2014 മുതൽ 2023 വരെ യൂട്യൂബിൻ്റെ സിഇഒ ആയിരുന്നു വോജിസ്കി. അതേസമയം വോജിസ്‌കിയുടെ മരണത്തിൽ അതീവ ദുഃഖമുണ്ടെന്ന് ഗൂഗിൾ മേധാവി സുന്ദർ പിച്ചെ പ്രതികരിച്ചു. വോജിസ്കി ഗൂഗിളിൻ്റെ ചരിത്രത്തിലെ സുപ്രധാന വ്യക്തികളിൽ ഒരാളായിരുന്നുവെന്നും മികച്ച വ്യക്തിയും, നേതാവും സുഹൃത്തുമായിരുന്നുവെന്നും പിച്ചെ എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
‘അഗാധമായ ദുഃഖത്തോടെയാണ് സൂസൻ വോജിസ്‌കിയുടെ മരണ വാർത്ത ഞാൻ പങ്കുവെക്കുന്നത്. രണ്ട് വർഷക്കാലം ശ്വാസകോശ അർബുദവുമായി ജീവിച്ചതിന് ശേഷം എൻ്റെ പ്രിയപ്പെട്ട ഭാര്യയും ഞങ്ങളുടെ അഞ്ച് മക്കളുടെ അമ്മയും ഇന്ന് ഞങ്ങളെ വിട്ടുപോയി. സൂസൻ എൻ്റെ ഏറ്റവും നല്ല സുഹൃത്തും പങ്കാളിയും മാത്രമായിരുന്നില്ല, മിടുക്കിയും സ്നേഹനിധിയായ അമ്മയും അനേകമാളുകൾക്ക് പ്രീയപ്പെട്ട സുഹൃത്തുമായിരുന്നു. ഞങ്ങളുടെ കുടുംബത്തിലും ലോകത്തിലും അവളുടെ സ്വാധീനം അളവറ്റതാണ്. ഞങ്ങളുടെ ഹൃദയം തകർന്നിരിക്കുന്നു, പക്ഷേ ഞങ്ങൾ അവളോടൊപ്പം ചെലവഴിച്ച സമയത്തിന് നന്ദിയുള്ളവരാണ്’. – സൂസന്റെ ഭർത്താവ് ഡെന്നിസ് ട്രോപ്പറുടെ പോസ്റ്റ്.
1968 ജൂലായ് അഞ്ചിനാണ് സൂസൻ വോജിസ്‌കിയുടെ ജനനം. 1998 ൽ തന്റെ ഗാരേജ് ഗൂഗിളിൻ്റെ സ്ഥാപകരായ ലാരി പേജിനും സെർഗേ ബ്രിന്നിനും വാടകയ്ക്ക് കൊടുത്തുകൊണ്ടാണ് വോജിസ്കിയും ഗൂഗിളും തമ്മിലുള്ള ബന്ധം ആരംഭിച്ചത്. മാസം 1700 ഡോളറായിരുന്നു വാടക. അധികം വൈകാതെ ഗൂഗിളിന്റെ 16-ാമത് ജീവനക്കാരിയായി വോജിസ്‌കി മാറി. 1999 ൽ കമ്പനിയുടെ ആദ്യ മാർക്കറ്റിങ് മാനേജറായും അവർ ചുമതലയേറ്റു.
ഗൂഗിളിന്റെ പരസ്യ വ്യവസായം ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ചവരിൽ ഒരാളാണ് സൂസൻ വോജിസ്‌കി. കമ്പനിയുടെ വലിയ വരുമാന സ്രോതസ്സായി മാറിയ ‘ആഡ് സെൻസ്’ എന്ന ആശയം അവരുടേതായിരുന്നു. 2006 ഗൂഗിളിൻ്റെ യൂട്യബ് ഏറ്റെടുക്കലിന് നേതൃത്വം നൽകിയത് വോജിസ്‌കിയാണ്. ആ നീക്കവും ഗൂഗിളിനെ സംബന്ധിച്ച് സുപ്രധാനമായിരുന്നു. കമ്പനിയുടെ ഏറ്റവും വലിയ വരുമാന സ്രോതസ്സുകളിലൊന്നാണ് ഇന്ന് യൂട്യൂബ്.
2014 ൽ യൂട്യൂബ് മേധാവിയായി വോജിസ്‌കി ചുമതലയേറ്റതിന് ശേഷമാണ് പ്രതിമാസം 200 കോടി ഉപഭോക്താക്കളുണ്ടായിരുന്നത് 3000 കോടിയിലേറെയായി ഉയർന്നത്. 80 ഭാഷകളിലായി നൂറ് രാജ്യങ്ങളിൽ യൂട്യൂബ് ലഭ്യമായി. യൂട്യൂബ് പ്രീമിയം, യൂട്യൂബ് ടിവി, യൂട്യൂബ് ഷോർട്‌സ് എന്നിവയും വോജിസ്കിയുടെ കാലത്ത് നടപ്പാക്കിയ ആശയങ്ങളായിരുന്നു. 2023 ഫെബ്രുവരിയിലാണ് വോജിസ്‌കി യൂട്യൂബിൻ്റെ സിഇഒ സ്ഥാനം ഒഴിഞ്ഞത്.