ചരക്കുവിമാനത്തിന്റെ മുന്‍ ചക്രത്തിനിടയില്‍ ഒളിച്ചിരുന്ന് ദക്ഷിണാഫ്രിക്കയില്‍ നിന്നും നെതര്‍ലാന്‍ഡ്‌സ് വരെ പറന്ന് ലോകത്തെ ഞെട്ടിച്ച് യുവാവ്. കെനിയന്‍ പൗരനായ 22 കാരനാണ് അതിജീവിതത്തിനായി ഇത്തരമൊരു മഹാസാഹസത്തിന് മുതിര്‍ന്ന് വിജയിച്ചത്.
ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നിന്നും പറന്നുയര്‍ന്ന ബോയിങ് 747 വിമാനം, കെനിയയിലെ നെയ്‌റോബിയിലും ഇറങ്ങിയശേഷമാണ് ആംസ്റ്റര്‍ഡാമിലെത്തുന്നത്. ഈ 11 മണിക്കൂര്‍ സമയം ഇയാള്‍ ചക്രത്തിനിടയില്‍ തന്നെയായിരുന്നു. വിമാനത്തിന്റെ ചക്രത്തിനിടയില്‍ നിന്നും ഇയാളെ കണ്ടെത്തിയതായി ഡച്ച് മിലിറ്ററി പൊലീസാണ് അറിയിച്ചത്.
ഇത്ര സാഹസമായി യാത്ര ചെയ്ത യുവാവിനെ ചക്രത്തിനിടിയില്‍ നിന്നും കണ്ടെത്തുമ്പോള്‍ അയാള്‍ ബോധവാനും, സംസാരിക്കാനും സാധിക്കുന്നുണ്ടായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. ഇത്രയധികം ഉയരത്തില്‍ പറക്കുമ്പോഴുണ്ടാകുന്ന തണുപ്പും അന്തരീക്ഷ മര്‍ദ്ദ വ്യത്യാസവും ഒരാള്‍ അതിജീവിക്കുക എന്നത് ഒരു സ്വപ്നത്തിനു തുല്യമായി മാത്രമേ കണക്കാക്കാന്‍ കഴിയൂ എന്നും അവര്‍ പറഞ്ഞു.
ഷിഫോള്‍ വിമാനത്താവളത്തിന്റെ വെബ്‌സൈറ്റിലെ രേഖകള്‍ പ്രകാരം ഈ വിമാനം മണിക്കൂറില്‍ 550 മൈല്‍ വേഗതയില്‍ 35,0000 അടി ഉയരത്തിലാണ് സഞ്ചരിച്ചത്. 35,000 അടി ഉയരത്തിലെ സാധാരണ അന്തരീക്ഷ താപനില മൈനസ് 54 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. മാത്രമല്ല, സമുദ്രനിരപ്പില്‍ ഉള്ളതിനേക്കാള്‍ 25 ശതമാനത്തോളം ഓക്‌സിജന്‍ കുറവുമായിരിക്കും.
Read more
ഹൈപോക്‌സിയ, ഫ്രോസ്റ്റ്‌ബൈറ്റ്, ഹൈപോതെര്‍മിയ തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കാവുന്ന സാഹചര്യമാണിത്. മാത്രമല്ല, ഇത്തരത്തില്‍ വിമാനങ്ങളിലെ ചക്രങ്ങള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്നവര്‍ക്ക്, വിമാനം പറന്നുയരുന്ന സമയത്ത് ചക്രങ്ങള്‍ അകത്തേക്ക് വലിയുമ്പോള്‍ ചതഞ്ഞരയുവാനോ അല്ലെങ്കില്‍ ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ അവ തുറക്കുന്നതുമൂലം ഉയരത്തില്‍ നിന്നും വീണ് മരണമടയുവാനും സാധ്യതയുണ്ട്. എന്നാല്‍ ഇതെല്ലാം ഈ 22 കാരന്‍ അതിജീവിച്ചും എന്നതാണ് അത്ഭുതം.