25 വർഷത്തിനിടെയുണ്ടായ ശക്‌തിയേറിയ ഭൂചലനത്തിൽ തായ്‌വാനിൽ ഉണ്ടായത് വൻ നാശനഷ്ടം.
റിക്ടര്‍ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇതുവരെ 7 മരണം സ്‌ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇനിയും തുടർ ചലനങ്ങളുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പു നൽകി.
തകർന്നു വീണ ബഹുനില കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങികിടക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. ഭൂചലനത്തിൽ 60ലേറെ പേർക്ക് പരിക്കേറ്റു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.
പ്രദേശത്ത് രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് സൈന്യവും രംഗത്തുണ്ട്. അതേസമയം ഭൂചലനത്തിന്റെ പശ്ച്‌ചാത്തലത്തിൽ തയ്‌വാനിലും ജപ്പാന്റെ ദക്ഷിണമേഖലയിലും ഫിലിപ്പീൻസിലും സുനാമി മുന്നറിയിപ്പുമുണ്ട്. മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
1999ൽ 2400 പേരുടെ മരണത്തിനിടയാക്കിയ 7.6 തീവ്രതയുള്ള ഭൂചലനത്തിനു ശേഷം ഉണ്ടാകുന്ന ശക്തിയേറിയ പ്രകമ്പനമാണ് തായ്‌വാനിൽ ഉണ്ടായത്. നിരവധി ബഹുനില കെട്ടിടങ്ങൾ നിലം പൊത്തിയതോടെ തായ്പേയ് സിറ്റിയിൽ പൊടിപടലം നിറഞ്ഞിരിക്കുകയാണ്.