ഗാസയെ “മെഡിറ്ററേനിയൻ കടലിലെ ഒരു റിവിയേര” ആക്കി മാറ്റാനുള്ള ഡൊണാൾഡ് ട്രംപിന്റെ പദ്ധതിയുടെ ഭാഗമായി ഗാസയിൽ നിന്ന് കുടിയിറക്കപ്പെട്ട പലസ്തീനികളെ ഏറ്റെടുക്കുന്നതിനെക്കുറിച്ച് സുഡാൻ, സോമാലിയ എന്നിവരടക്കമുള്ള ആഫ്രിക്കൻ രാജ്യങ്ങളോട് ട്രംപിന്റെ വൈറ്റ് ഹൗസ് നിർദ്ദേശം മുന്നോട്ട് വെച്ചിരുന്നു. എന്നാൽ ചർച്ച ചെയ്യാനുള്ള യുഎസിന്റെ അഭ്യർത്ഥന നിരസിച്ചതായി സുഡാൻ ഉദ്യോഗസ്ഥർ പറഞ്ഞു. അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് പ്രകാരം, ഗാസയിൽ നിന്ന് കുടിയിറക്കപ്പെടുന്ന പലസ്തീനികളെ പുനരധിവസിപ്പിക്കുന്നതിനെക്കുറിച്ച് യുഎസും ഇസ്രായേലും സുഡാൻ, സൊമാലിയ, സൊമാലിലാൻഡ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു. പലസ്തീനികളെ സ്വീകരിക്കുന്നത് സംബന്ധിച്ച് ട്രംപ് ഭരണകൂടം സൈനിക നേതൃത്വത്തിലുള്ള സർക്കാരിനെ സമീപിച്ചതായി യുദ്ധക്കെടുതി നേരിടുന്ന സുഡാനിൽ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥർ അസോസിയേറ്റഡ് പ്രസ്സിനോട് സ്ഥിരീകരിച്ചു.
അർദ്ധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സുകൾക്കെതിരായ സൈന്യത്തിന്റെ പോരാട്ടത്തിൽ സൈനിക സഹായം, യുദ്ധാനന്തര പുനർനിർമ്മാണത്തിനുള്ള സഹായം, മറ്റ് പ്രോത്സാഹനങ്ങൾ എന്നിവ വാഗ്ദാനം ചെയ്തുകൊണ്ട് ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുമ്പുതന്നെ ബന്ധങ്ങൾ ആരംഭിച്ചുവെന്ന് സുഡാൻ ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ സുഡാൻ സർക്കാർ ഈ ആശയം നിരസിച്ചതായി സുഡാനിന്റെ ഭാഗത്ത് നിന്ന് മറുപടി വന്നു. “ഈ നിർദ്ദേശം ഉടനടി നിരസിക്കപ്പെട്ടു.” ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
സൊമാലിയയുടെ വിദേശകാര്യ മന്ത്രി അഹമ്മദ് മോലിം ഫിഖി ഇസ്രായേലിൽ നിന്നോ യുഎസിൽ നിന്നോ ഉള്ള ഏതെങ്കിലും അഭ്യർത്ഥനകൾ സ്ഥിരീകരിക്കുകയോ നിരസിക്കുകയോ ചെയ്തില്ല. എന്നാൽ മറ്റ് ജനവിഭാഗങ്ങളുടെ പുനരധിവാസത്തിനായി തങ്ങളുടെ പ്രദേശം ഉപയോഗിക്കുന്നതോ അല്ലെങ്കിൽ അവരുടെ പൂർവ്വിക ഭൂമിയിൽ സമാധാനപരമായി ജീവിക്കാനുള്ള പലസ്തീൻ ജനതയുടെ അവകാശത്തെ ദുർബലപ്പെടുത്തുന്നതോ ആയ ഏതൊരു പദ്ധതിയും സൊമാലിയ നിരസിക്കുന്നുവെന്ന് പറഞ്ഞു. ട്രംപിന്റെ പദ്ധതി പ്രകാരം, ഗാസയിലെ 2 ദശലക്ഷത്തിലധികം നിവാസികളെ സ്ഥിരമായി കുടിയിറക്കി, ഉയർന്ന നിലവാരമുള്ള “അന്താരാഷ്ട്ര” വിനോദ, ബിസിനസ് കേന്ദ്രമായി വൻതോതിലുള്ള പുനർനിർമ്മാണം നടത്താനാണ് അവിടെയുള്ളവർ കുടിയിറക്കുന്നത്. എന്നാൽ നിർബന്ധിത പുനരധിവാസം അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമാണെന്ന് വിദഗ്ദ്ധർ ചൂണ്ടികാണിക്കുന്നു.
തുടക്കത്തിൽ, ഈജിപ്തും ജോർദാനുമാണ് പലസ്തീനികളുടെ അഭയാർത്ഥി കേന്ദ്രങ്ങളായി നിർദ്ദേശിക്കപ്പെട്ടിരുന്നത്. എന്നാൽ ഇരുവരും പദ്ധതിയെ ശക്തമായി എതിർത്തു. ഗാസയിലെ പലസ്തീനികൾ ഈ നിർദ്ദേശം നിരസിക്കുകയും ഇസ്രായേൽ അവകാശവാദങ്ങൾ തള്ളിക്കളയുകയും ചെയ്തു. പലസ്തീനികളെ സുരക്ഷിതമായി നിലനിർത്താൻ സഹായിക്കുന്ന കോടിക്കണക്കിന് ഡോളറിന്റെ പുനർനിർമ്മാണ പദ്ധതിയാണ് അറബ് രാജ്യങ്ങൾ വാഗ്ദാനം ചെയ്തത്. ട്രംപ് “തന്റെ കാഴ്ചപ്പാടിൽ ഉറച്ചുനിൽക്കുന്നു” എന്ന് വൈറ്റ് ഹൗസ് ഇപ്പോഴും പറയുന്നു.