യുവതിയെ ഇടിച്ചുക്കൊന്ന കേസിൽ മുട്ടനാടിനെ മൂന്ന് വർഷം തടവ് ശിക്ഷക്ക് വിധിച്ച് കോടതി. സുഡാനിലെ പ്രാദേശിക കോടതിയാണ് വിചിത്രമായ ശിക്ഷാവിധി പുറപ്പെടുവിച്ചത്. യുവതിയെ ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തിലാണ് മുട്ടനാടിന് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. ആദിയു ചാപ്പിങെന്ന 45 വയസ്സുകാരിയാണ് ആടിന്റെ ഇടിയേറ്റ് മരിച്ചത്.
ഈ മാസം ആദ്യമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മരിച്ച സ്ത്രീയുടെ കുടുംബത്തിന് ആടിന്റെ ഉടമ അഞ്ച് പശുക്കളെ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു. ദക്ഷിണ സുഡാൻ സ്വദേശിയായ ആദിയു ചാപ്പിംഗ് എന്ന 45കാരിയാണ് ആടിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ചാപ്പിംഗിന്റെ വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റാണ് മരണം സംഭവിച്ചത്. യുവതിയെ രക്ഷിക്കാൻ സമീപത്തുള്ളവർ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. സംഭവത്തിന് പിന്നാലെ പോലീസ് ആടിനെ കസ്റ്റഡിയിലെടുത്തു. ഉടമ നിരപരാധിയാണെന്നും കുറ്റം ചെയ്തത് ആടാണെന്നും അതിനാൽ ആടിന് അർഹമായ ശിക്ഷ ലഭിക്കണമെന്നും മേജർ എലിജ മബോർ പറഞ്ഞു.
സംഭവത്തിന് പിന്നാലെ റാംബെക് പൊലീസ് ആടിനെ കസ്റ്റഡിയിലെടുത്തിരുന്നു. വളർത്തുമൃഗം ആരെയെങ്കിലും കൊലപ്പെടുത്തിയാൽ ആക്രമണത്തിനിരയായ വ്യക്തിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന നിയമ വ്യവസ്ഥ സുഡാനിലെ ലേക്ക്‌സ് സംസ്ഥാനത്ത് നിലവിലുണ്ട്. ആട് സ്ത്രീയെ ആക്രമിക്കുകയും പലതവണ ഇടിക്കുകയും ചെയ്തുവെന്നും സുഡാൻ ടുഡെ ദിനപത്രം റിപ്പോർട്ട് ചെയ്തിരുന്നു.
ദിവസങ്ങൾ നീണ്ട വിചാരണക്കൊടുവിലാണ് കോടതിയുടെ വിധി. ആടിനെ ജയിലിൽ പാർപ്പിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ലേക്ക്‌സ് സംസ്ഥാനത്തെ അഡ്യൂവൽ കൗണ്ടി ആസ്ഥാനത്തുള്ള ഒരു സൈനിക ക്യാമ്പിലായിരിക്കും മുട്ടനാട് തടവുശിക്ഷ അനുഭവിക്കേണ്ടി വരിക.