ക്രൂ 10 സംഘത്തെ സ്വാഗതം ചെയ്‌ത്‌ സുനിത വില്യംസും സംഘവും; ഇനി നിർണായക മണിക്കൂറുകൾ

സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ പേടകത്തില്‍ എത്തിച്ചേര്‍ന്ന ക്രൂ 10 സംഘത്തെ സ്വാഗതം ചെയ്‌ത്‌ സുനിത വില്യംസും സംഘവും. ഐഎസ്എസിലെ നെടുംതൂണായ ഇന്ത്യന്‍ വംശജ സുനിത വില്യംസ് നിലയത്തിലെ അടുത്ത ബാച്ച് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നതിന് നേതൃത്വം നല്‍കി. ഇതിന്‍റെ ദൃശ്യങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം എക്‌സില്‍ പങ്കുവെച്ചു.

ഇന്ന് ഈസ്റ്റേണ്‍ സമയം രാവിലെ 12.35നാണ് നാലംഗ ക്രൂ-10 സംഘം ഹാച്ച് തുറന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ചത്. നാസയുടെ ബഹിരാകാശ യാത്രികരായ ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ് എന്നിവരും ജാപ്പനീസ് ബഹിരാകാശ ഏജൻസിയുടെ തകുയ ഒനിഷി, റഷ്യയുടെ റോസ്‌കോസ്‌മോസിന്‍റെ കിറിൽ പെസ്‌കോവ് എന്നിവരാണ് ക്രൂ-10 ദൗത്യത്തിലുള്ളത്.

നിലയത്തിലുള്ള എക്‌സ്‌പെഡീഷന്‍ 72 സംഘമായ നാസയുടെ നിക്ക് ഹഗ്ഗ്, ഡോണ്‍ പെറ്റിറ്റ്, സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ എന്നിവരും റോസ്‌കോസ്‌മോസിന്‍റെ അലക്സാണ്ടര്‍ ഗോര്‍ബുനോവ്, അലക്സി ഒവ്‌ചിനിന്‍, ഇവാന്‍ വാഗ്നര്‍ എന്നിവരും ചേര്‍ന്ന് ഇവരെ സ്വാഗതം ചെയ്തു. നിലയത്തിന്‍റെ കമാന്‍ഡര്‍ സ്ഥാനം വഹിച്ചിരുന്ന മുതിര്‍ന്ന സഞ്ചാരി സുനിത വില്യംസ് ഈ വരവേല്‍പ്പിന് നേതൃത്വം നല്‍കി.