അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസ്, ബച്ച് വില്‍മോര്‍ എന്നിവരെ തിരികെ എത്തിക്കാനുള്ള സ്‌പേസ് എക്‌സ് ദൗത്യത്തിന് തുടക്കം. സ്‌പേസ് എക്‌സിന്റെ ക്രൂ 9 വിജയകരമായി വിക്ഷേപിച്ചു. നാസയുടെ ബഹിരാകാശ സഞ്ചാരി നിക്ക് ഹേഗും റഷ്യന്‍ ബഹിരാകാശ സഞ്ചാരി അലക്‌സാണ്ടര്‍ ഗോര്‍ബുനോവുമാണ് നിലവില്‍ പേടകത്തിലുണ്ട്. ഇരുവരും ഇന്ന് ഐഎസ്എസില്‍ എത്തിച്ചേരും.
Falcon 9 launches Crew-9, the first human spaceflight mission to launch from pad 40 in Florida pic.twitter.com/BYpPPtaKqm
— SpaceX (@SpaceX) September 28, 2024
സുനിത വില്യംസ് ബച്ച് വില്‍മോര്‍ എന്നിവര്‍ക്കായി രണ്ട് ഒഴിഞ്ഞ സീറ്റുകളും സ്‌പേസ് എക്‌സിന്റെ പേടകത്തിലുണ്ട്. ഫ്ലോറിഡയിലെ കേപ് കനാവെറല്‍ സ്പേസ് ഫോഴ്‌സ് സ്റ്റേഷനിലെ പ്രത്യേക വിക്ഷേപണത്തറയില്‍ നിന്നാണ് രണ്ട് ബഹിരാകാശ യാത്രികരുമായി സ്പേസ് എക്‌സിന്‍റെ ഫാള്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയര്‍ന്നത്. ഫ്രീഡം എന്ന് വിളിക്കുന്ന ഡ്രാഗണ്‍ ക്യാപ്‌സൂളിലാണ് ഇരുവരുടെയും സഞ്ചാരം. ഹെലീന്‍ ചുഴലിക്കറ്റിനെ തുടര്‍ന്ന് നേരത്തെ നിശ്ചയിച്ചിരുന്നതിലും ഏറെ വൈകിയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ക്രൂ-9 ദൗത്യം പുറപ്പെട്ടത്.
മനുഷ്യരെ വഹിക്കാത്ത ബഹിരാകാശ വിക്ഷേപണങ്ങളായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ വിക്ഷേപണത്തറയില്‍ നിന്നുണ്ടായിരുന്നത്. രണ്ട് വര്‍ഷം സമയമെടുത്താണ് നാസയും സ്പേസ് എക്‌സും ചേര്‍ന്ന് ഈ വിക്ഷേപണത്തറ ആസ്‌ട്രോണറ്റ് ഫ്ലൈറ്റുകള്‍ക്കായി തയ്യാറാക്കിയത്. ശതകോടീശ്വരന്‍ എലോണ്‍ മസ്‌കിന്റെ കമ്പനിയായ സ്‌പേസ് എക്‌സ് നാസയുമായി ചേര്‍ന്ന നടത്തുന്ന രക്ഷാ ദൗത്യം ആരംഭിച്ചതായി നാസ മേധാവി ബില്‍ നെല്‍സണും സ്ഥിരീകരിച്ചു. ബഹിരാകാശ ദൗത്യങ്ങളുടെ ആവേശകരമായ കാലഘട്ടം എന്നായിരുന്നു നാസ മേധാവിയുടെ പ്രതികരണം.
സ്‌പേസ് എക്‌സിന്റെ പേടകത്തിലാണ് സുനിത വില്യംസും ബച്ച് വില്‍മോറും ഭൂമിയിലേക്ക് തിരിച്ചെത്തുകയെന്ന് നാസ നേരത്തെ അറിയിച്ചിരുന്നു. 2025 ഫെബ്രുവരിയില്‍ ആണ് ഭൂമിയിലേക്ക് ഈ പേടകം തിരിച്ചെത്തുന്നത്. 2024 ജൂണില്‍ ബോയിംഗിന്‍റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ഐഎസ്എസില്‍ എത്തിച്ചേര്‍ന്ന നാസയുടെ സുനിത വില്യംസിനും ബുച്ച് വില്‍മോറിനും പേടകത്തിലെ ഹീലിയം ചോര്‍ച്ചയെ തുടര്‍ന്നാണ് അതേ പേടകത്തില്‍ ഭൂമിയിലേക്ക് മടങ്ങിവരാനായിരുന്നില്ല. വെറും എട്ട് ദിവസത്തെ ബഹിരാകാശ ദൗത്യത്തിനായി പോയ ഇരുവരും മൂന്ന് മാസത്തിലേറെയായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തുടരുന്നത്.