സിറിയയില്‍ ഇസ്രയേല്‍ നടത്തുന്ന കടന്നാക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന താക്കീതുമായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. ഇസ്രയേലിന്റെ ആക്രമണം ന്യായീകരിക്കാനാവില്ലെന്നും അദേഹം പറഞ്ഞു. ഇത്തരം നീക്കങ്ങള്‍ ഉത്കണ്ഠപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുഎന്‍ സെക്രട്ടറിയുടെ നിര്‍ദേശം വന്നതിന് പിന്നാലെ കൂടുതല്‍ ആക്രമണം കടുപ്പിക്കുകയാണ് ഇസ്രയേല്‍ ചെയ്തത്.
ആമിയുടെ ഫോര്‍ത്ത് ഡിവിഷനേയും റഡാര്‍ ബറ്റാലിയനേയും ലക്ഷ്യമിട്ടാണ് ഇസ്രായേലിന്റെ ആക്രമണം. സിറിയയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് അറബ് ലീഗ് രംഗത്തെത്തി. രണ്ട് രാജ്യങ്ങള്‍ക്കിടയിലെ ബഫര്‍സോണിലേക്ക് ഇസ്രായേല്‍ കടന്നുകയറിയതിലാണ് വലിയ വിമര്‍ശനം ഉണ്ടായത്. തുര്‍ക്കിയയും ആക്രമണങ്ങള്‍ക്കെതിരെ രംഗത്തെത്തി. ആഭ്യന്തരമന്ത്രി യാസിര്‍ ഗുലാറാണ് വിമര്‍ശനം ഉന്നയിച്ചത്. മേഖലയില്‍ കൂടുതല്‍ സംഘര്‍ഷമുണ്ടാക്കുന്നതാണ് ഇസ്രായേലിന്റെ ആക്രമണങ്ങളെന്ന് അദ്ദേഹം പറഞ്ഞു.സിറിയ, ലബനാന്‍, ഫലസ്തീന്‍ തുടങ്ങിയ രാജ്യങ്ങളുടെ അതിര്‍ത്തികളെ തുര്‍ക്കിയ ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിറിയ വിഷയത്തില്‍ ഇടപെടാന്‍ ജോര്‍ദാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജോര്‍ദാന്‍ ഉച്ചകോടി സംഘടിപ്പിക്കും. സൗദി അറേബ്യ, ഇറാഖ്, ലബനാന്‍, ഈജിപ്ത്, യു.എ.ഇ, ബഹറൈന്‍, ഖത്തര്‍, തുര്‍ക്കിയ, യു.എസ്, യുറോപ്യന്‍ യൂണിയന്‍, യു.എന്‍ തുടങ്ങിയവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. വെള്ളിയാഴ്ച പതിനായിരത്തോളം ആളുകളാണ് അസദിന്റെ പതനം ആഘോഷിക്കുന്നതിനായി തെരുവുകളില്‍ ഒത്തുകൂടിയത്.
എന്നാല്‍, ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തെ ന്യായീകരിക്കുന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചിരിക്കുന്നത്. ഭീഷണി നിര്‍വീര്യമാക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നതെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ വ്യക്തമാക്കി.
അതേസമയം സിറിയയില്‍ മുന്‍ ജയില്‍മേധാവിക്ക് അമേരിക്ക പീഡനക്കുറ്റം ചുമത്തി. 2005-ലും 2008-ലും ഡമാസ്‌കസ് സെന്‍ട്രല്‍ ജയിലിന്റെ മേല്‍നോട്ടം വഹിച്ചിരുന്ന സമീര്‍ ഔസ്മാന്‍ അല്‍ഷെയ്ഖിനെതിരെയാണ് യുഎസ് ഫെഡറല്‍ ഗ്രാന്‍ഡ് ജൂറി ഗൂഢാലോചനയടക്കമുള്ള കുറ്റം ചുമത്തിയത്. കുടിയേറ്റ തട്ടിപ്പ് കുറ്റങ്ങള്‍ ചുമത്തി ലൊസ് ആഞ്ചലസ് വിമാനത്താവളത്തില്‍വെച്ച് ഈവര്‍ഷമാദ്യമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.