പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ രംഗത്തെത്തി താലിബാന്‍. ആക്രമണം കാശ്മീരിലെ സുസ്ഥിരത ഉറപ്പാക്കുന്ന ശ്രമങ്ങളെ ഇല്ലാതാക്കുന്നതാണെന്നും ഇതു കൂടുതല്‍ ഒറ്റപ്പെടുത്തുന്നതിനെ സാധിക്കുവെന്നും ഇസ്‌ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്താന്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഭീകരാക്രമണത്തെ അപലപിച്ച താലിബാന്‍ വിദേശകാര്യമന്ത്രാലം ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.
അതേസമയം, ഭീകരസംഘടന ലഷ്‌കറെ തൊയ്ബയുടെ മുതിര്‍ന്ന കമാന്‍ഡറായ സൈഫുള്ള കസൂരിയാണ് പഹല്‍ഗാം ആക്രമണം ആസൂത്രണംചെയ്തതെന്ന് കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ലഷ്‌കറെ തൊയ്ബ സ്ഥാപകന്‍ ഹാഫീസ് സയിദിന്റെ വിശ്വസ്ത അനുയായിയായ കസൂരി ഇന്ത്യക്കെതിരായ നീക്കങ്ങളുടെ മുന്‍നിരയിലുണ്ട്. ലഷ്‌കറെ തൊയ്ബയുടെ പെഷവാര്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് തലവനായ കസൂരി, സംഘടനാവൃത്തങ്ങളില്‍ ഖാലിദ് എന്നപേരിലാണ് അറിയപ്പെടുന്നത്.
ലഷ്‌കറെ തൊയ്ബയിലും ജമാഅത്തെ ഉദ്ദവയിലും നിര്‍ണായക പങ്കുവഹിച്ച കസൂരി ജമാഅത്തെ ഉദ്ദവയുടെ രാഷ്ട്രീയ വിഭാഗമായ മില്ലി മുസ്ലിം ലീഗി (എംഎംഎല്‍)ലും നേതൃപദവി വഹിച്ചിരുന്നു. ലഷ്‌കറെ തൊയ്ബയുടെതന്നെ മറ്റൊരു പേരായാണ് ജമാഅത്ത് ഉദ്ദവയെ യുഎസ് വിദേശകാര്യവകുപ്പ് പരിഗണിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ കരിമ്പട്ടികയില്‍പ്പെട്ട സംഘടനയാണ് എംഎംഎല്‍. ഏറെക്കാലമായി ഇത്തരം സംഘടനകളില്‍ പ്രവര്‍ത്തിച്ച കസൂരി പാകിസ്താനിലെ ജിഹാദി പ്രസ്ഥാനത്തിലെ പ്രധാന നേതാവായി മാറി.
Read more
ബൈസരണ്‍ താഴ്വരയിലെ വെടിവെപ്പിന്റെ കടിഞ്ഞാണ്‍ കസൂരിക്കായിരുന്നെങ്കിലും ആസിഫ് ഫൗജി, സുലേമാന്‍ ഷാ, അബു തല്‍ഹ എന്നീ മൂന്നുപേരാണ് ആക്രമണത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നതെന്ന് അന്വേഷണസംഘം കണക്കുകൂട്ടുന്നു. മറ്റുരണ്ടുപേര്‍കൂടി സംഘത്തിലുണ്ടായിരുന്നതായും സംശയമുണ്ട്. യഥാക്രമം മൂസ, യൂനുസ്, ആസിഫ് എന്നിങ്ങനെയാണ് മൂവരും അറിയപ്പെടുന്നത്. നേരത്തേ പൂഞ്ചില്‍ നടന്ന ആക്രമണത്തിലും ഈ സംഘം പങ്കെടുത്തതായി സൂചനയുണ്ട്.