അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്കു വിദ്യാഭ്യാസ വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയെ ന്യായീകരിച്ച് താലിബാന്‍ ഭരണകൂടം. വസ്ത്രധാരണത്തില്‍ ഉള്‍പ്പെടെ താലിബാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കാത്ത സാഹചര്യത്തിലാണു വിദ്യാഭ്യാസ വിലക്ക് ഏര്‍പ്പെടുത്തിയതെന്ന താലിബാന്‍ സര്‍ക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി നിദ മുഹമ്മദ് നദീം വ്യക്തമാക്കി.
താലിബാന്‍ അധികാരത്തില്‍ വന്ന് 14 മാസം പിന്നിട്ടു. നിര്‍ഭാഗ്യവശാല്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നല്‍കിയ കര്‍ശന നിര്‍ദ്ദേശങ്ങള്‍ ആരും പാലിക്കുന്നില്ല. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനു സമാനമാണ് പെണ്‍കുട്ടികളുടെ വസ്ത്രധാരണം.
പഠനത്തിനായി സര്‍കലാശാലകളില്‍ എത്തുന്ന പെണ്‍കുട്ടികള്‍ ഹിജാബുമായി ബന്ധപ്പെട്ട നിര്‍ദ്ദേശവും പാലിക്കുന്നില്ല. ശാസ്ത്ര വിഷയങ്ങള്‍ സ്ത്രീകള്‍ക്കു ചേര്‍ന്നതല്ല. എന്‍ജിനീയറിംഗ്, അഗ്രികള്‍ച്ചര്‍ തുടങ്ങിയ ചില വിഷയങ്ങള്‍ വിദ്യാര്‍ഥിനികളുടെ അന്തസ്സിനും അഫ്ഗാന്‍ സംസ്‌കാരത്തിനും ചേരുന്നതല്ല- മന്ത്രി ചൂണ്ടിക്കാട്ടി.
Read more
വിദ്യാഭ്യാസം നേടരുതെന്നു മാത്രമല്ല, സ്ത്രീകള്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്നും പാര്‍ക്കിലും ജിമ്മിലും നീന്തല്‍ക്കുളങ്ങളിലും പോകരുതെന്നും താലിബാന്‍ അടുത്തയിടെ ഉത്തരവിറക്കിയിട്ടുണ്ട്.