ഉംപുൻ ചുഴലിക്കാറ്റ്; ഇന്ത്യക്ക് 500,000 യൂറോയുടെ പ്രാരംഭ ധനസഹായം പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ

ഉംപുൻ ചുഴലിക്കാറ്റിനെ നേരിടാൻ ഇന്ത്യയെ സഹായിക്കുന്നതിന് യൂറോപ്യൻ യൂണിയൻ 500,000 യൂറോയുടെ പ്രാരംഭ ധനസഹായം പ്രഖ്യാപിച്ചു.

യൂറോപ്യൻ യൂണിയൻ കമ്മീഷണർ ഫോർ ക്രൈസിസ് മാനേജ്‌മെന്റ് ജാനസ് ലെനാറിക് ആണ് ഇക്കാര്യം അറിയിച്ചത്.

“കിഴക്കൻ ഇന്ത്യയിലെ കൊൽക്കത്തയുടെ തെക്കുപടിഞ്ഞാറായി ഉംപുൻ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിനാൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ചുഴലിക്കാറ്റ് വടക്കുകിഴക്ക് ഭാഗത്തേക്ക് ബംഗ്ലാദേശിലേക്ക് പോകുന്നത് കൂടുതൽ നാശത്തിനും വെള്ളപ്പൊക്കത്തിനും കാരണമാകും,” ജാനസ് ലെനാറിക് പ്രസ്താവനയിൽ പറഞ്ഞു.

“ചുഴലിക്കാറ്റ് ബാധിച്ച ധീരരായ ആളുകളോടും പ്രത്യേകിച്ച് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോടും അനുശോചനം രേഖപ്പെടുത്തുന്നു. ഇന്ത്യയിലും ബംഗ്ലാദേശിലും സംഭവിച്ച മരണങ്ങൾ ദുഃഖിപ്പിക്കുന്നതാണ് ശക്തമായ കാറ്റ്, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവ മൂലം വീടുകൾ, അടിസ്ഥാന സൗകര്യങ്ങൾ, ഉപജീവനമാർഗ്ഗങ്ങൾ എന്നിവക്ക് ഉണ്ടായ നാശത്തിന്റെ വ്യാപ്തിയെ കുറിച്ചും ഞാൻ മനസ്സിലാക്കുന്നു,” അവർ പറഞ്ഞു.

ചുഴലിക്കാറ്റ് ബാധിച്ച ജനസംഖ്യയുടെ അടിയന്തര ആവശ്യങ്ങൾ യൂറോപ്യൻ യൂണിയൻ പരിഹരിക്കും, അതോടൊപ്പം സന്നദ്ധ പ്രവർത്തകരെയും ആരോഗ്യ പ്രവർത്തകരെയും പകർച്ചവ്യാധി പിടിപെടുന്നതിൽ നിന്നും സംരക്ഷിക്കും.

ബംഗ്ലാദേശിലെ അടിയന്തര നടപടികളെ പിന്തുണയ്ക്കുന്നതിനായി 1,100,000 യൂറോയും യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ചു.