ഉക്രൈന് അംഗത്വം നല്‍കാന്‍ നടപടി തുടങ്ങി യൂറോപ്യന്‍ യൂണിയന്‍

ഉക്രൈന് അംഗത്വം നല്‍കാന്‍ നടപടി തുടങ്ങിയെന്ന് യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ പാര്‍ലമെന്റ് ഉക്രൈനിന്റെ അപേക്ഷ സ്വീകരിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ വോട്ടിംഗ് നടത്തുമെന്നാണ് വിവരം.

ഉക്രൈനില്‍ റഷ്യയുടെ ആക്രമണം തുടരുന്നതിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള രണ്ടാം റൗണ്ട് സമാധാന ചര്‍ച്ച ബുധനാഴ്ച നടക്കും. റഷ്യയുടെ ടാസ് ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബെലാറൂസ്-പോളണ്ട് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുന്നത്.

തിങ്കളാഴ്ച ബെലാറൂസില്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ സമാധാന ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ തീരുമാനമാകാതെ പിരിയുകയായിരുന്നു. ഇത്തേുടര്‍ന്നാണ് രണ്ടാം ഘട്ട ചര്‍ച്ചയ്ക്കും വഴിയൊരുങ്ങിയത്.

സൈനിക പിന്‍മാറ്റമാണ് ഉക്രൈന്‍ ചര്‍ച്ചയില്‍ റഷ്യക്ക് മുന്നില്‍ വെക്കുന്ന പ്രധാന ആവശ്യം. ഉക്രൈനിലൂടെ കിഴക്കന്‍ യൂറോപ്യന്‍ മേഖലയിലേക്കുള്ള അമേരിക്കന്‍ വേരോട്ടം തടയലാണ് റഷ്യ പ്രധാനമായും ലക്ഷ്യം വെക്കുന്നത്.

കിഴക്കന്‍ യൂറോപ്യന്‍ മേഖലകളിലെ നാറ്റോയുടെ സൈനിക നീക്കങ്ങള്‍ പൂര്‍ണമായും നിര്‍ത്തി കിഴക്കന്‍ യൂറോപ്പില്‍ നിന്നും നാറ്റോ സൈന്യം പിന്‍വാങ്ങണമെന്നും റഷ്യ ആവശ്യപ്പെടുന്നുണ്ട്. ഇതിന് രേഖമൂലമുള്ള ഉറപ്പ് ലഭിക്കണമെന്നും റഷ്യ പറയുന്നു.