അമേരിക്കയിലെ ലോസ് ആഞ്ചലസ് നഗരാതിര്‍ത്തികളിലേക്ക് വ്യാപിച്ച കാട്ടുതീ ഹോളിവുഡിനും ഭീഷണി. ഹോളിവുഡിലെ പ്രമുഖ നടീനടന്മാരുടെ വീടുകളും കത്തിനശിച്ചു. പ്രദേശത്തെ വീടുകളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. നിര്‍ബന്ധിത ഒഴിപ്പിക്കലും ഇവിടെ നടത്തി. ബില്ലി ക്രിസ്റ്റൽ, യൂജിൻ ലെവി, മാർക് ഹാമിൽ, ജെയിംസ് വൂഡ്‌സ്, കാരി എൽവിസ്, മാൻഡി മൂറിൻ്റെയും പാരീസ് ഹിൽട്ടണിൻന്റെയും വീടുകളാണ് നശിച്ചത്.
സിനിമാതാരങ്ങളടക്കം സെലിബ്രിറ്റികള്‍ താമസിക്കുന്ന പസഫിക് പാലിസേഡ് പ്രദേശത്ത് 20 ഏക്കറില്‍ ആരംഭിച്ച കാട്ടുതീ അതിവേഗം 3000 ഏക്കറിലേക്കു പടര്‍ന്നു. ആല്‍ട്ടഡേന, സില്‍മാര്‍ പ്രദേശങ്ങളിലായി രണ്ടു കാട്ടുതീയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമൂല്യമായ കലാസൃഷ്ടികള്‍ സൂക്ഷിച്ചിട്ടുള്ള മ്യൂസിയമായ ഗെറ്റി വില്ലയ്ക്കുസമീപം മരങ്ങള്‍ കത്തിവീണു. ഇതുവരെയും 5000 ൽ അധികം വീടുകളാണ് കാട്ടുതീയിൽ കത്തി നശിച്ചത്.
യു.എസിലെ ലോസ് ആഞ്ജലസിൻ്റെ ചരിത്രത്തിലുണ്ടായ ഏറ്റവും വിനാശകാരിയായ കാട്ടുതീയിൽ അഞ്ചുപേരാണ് ഇതുവരെ മരിച്ചത്. രണ്ട് ദിവസത്തിലേറെയായി കാട്ടുതീ തുടരുന്നതിനാൽ 1.30 ലക്ഷം പേരെ മേഖലയിൽനിന്ന് ഒഴിപ്പിച്ചു. 29,000ത്തോളം ഏക്കറിനാണ് തീപിടിച്ചത്. പാലിസേഡ്‌സ് ഹൈസ്‌കൂൾ, പസഫിക് തീരദേശ ഹൈവേ, പസഡെന ജൂത ദേവലായം തുടങ്ങിയവ കത്തിനശിച്ച പ്രധാനപ്പെട്ട സ്ഥാപനങ്ങളിൽ ചിലതാണ്. ചൊവ്വാഴ്ച പസഫിക് പാലിസേഡ്‌സിലുണ്ടായ കാട്ടുതീ ശക്തമായ കാറ്റിനെ തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ ആയിരക്കണക്കിന് ഏക്കറുകളിലേക്ക് വ്യാപിക്കുകയായിരുന്നു. ലിഡിയ, ഹേസ്റ്റ്, ഈറ്റൺ, പാലിസേഡ്സ് എന്നി വിടങ്ങളിലാണ് പ്രധാനമായും തീപിടിത്തമുണ്ടായത്. വരണ്ട കാലാവസ്ഥയും അതിവേഗത്തിലുള്ള കാറ്റുമാണ് തീപടരാൻ കാരണം. 1400 അഗ്‌നിശമനസേനാംഗങ്ങള്‍ രംഗത്തുണ്ടെങ്കിലും തീ അണയ്ക്കാന്‍ സാധിക്കുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്. അഗ്‌നിരക്ഷാസേനാംഗങ്ങളുള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് ഗുരുതര പൊള്ളലേറ്റു.
അതേസമയം പടർന്ന് പിടിച്ച തീ നിയന്ത്രണ വിദേയമാകാത്തതിനെത്തുടര്‍ന്ന് ലോസ് ആഞ്ചലസില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലോസ് ആഞ്ചലസില്‍ ഉണ്ടായത് കാലിഫോര്‍ണിയയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ തീപിടിത്തമാണെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞത്. സംസ്ഥാനത്തെ സഹായിക്കാന്‍ അധിക ഫെഡറല്‍ ഫണ്ടുകളും വിഭവങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.
ബുധനാഴ്ച വൈകീട്ടോടെ കാറ്റിൻ്റെ വേഗത കുറഞ്ഞത് ആശ്വാസമായെങ്കിലും ഹോളിവുഡ് ഹിൽസിൽ പുതിയ തീപിടിത്തമുണ്ടായത് ആശങ്കക്കിടയാക്കി. തീപിടിത്തത്തിൻ്റെ പശ്ചാത്തലത്തിൽ പ്രസിഡന്റ് ജോ ബൈഡന്റെ ഇറ്റലി സന്ദർശനം റദ്ദാക്കി. വിനാശകരമായ കാട്ടുതീ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതിന് പ്രസിഡന്റ് ജോ ബൈഡനെയും കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോമിനെയും നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിമർശിച്ചു. അതേസമയം വൈറ്റ് ഹൗസില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചുകൂട്ടി സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. കാലിഫോര്‍ണിയയിലെ കാട്ടുതീ ദുരന്തത്തെ മഹാ ദുരന്തമായി പ്രഖ്യാപിച്ചു.