കരയുദ്ധത്തിന് തയാറെടുന്ന് ഗാസ മുനമ്പില്‍ നില്‍ക്കുമ്പോള്‍ ഈജിപ്ത് റഫാ കവാടം അടച്ചുപൂട്ടി. ഗാസയ്ക്ക് മുന്നില്‍ കവാടം അടച്ചിടുന്നത് ഇസ്രയേലിനെ സഹായിക്കാനാണെന്ന് ലോകരാജ്യങ്ങള്‍ അടക്കം വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. ഹമാസിന്റെ സമ്പൂര്‍ണ ഉന്‍മൂലനം ലക്ഷ്യമിട്ട് ഇസ്രയേല്‍ സൈന്യം ഗാസയിലേക്ക് വരുമ്പോള്‍ ഈജിപ്തിന്റെ ഈ നടപടി എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്.
ഗാസയിലെ ജനങ്ങള്‍ക്ക് രക്ഷപ്പെടാനുള്ള ഏക മാര്‍ഗമാണ് ഗാസ ഈജിപ്ത് അതിര്‍ത്തിയിലെ റഫാ കവാടം. കവാടത്തിലൂടെ ഗാസ നിവാസികളെ കടത്തിവിടില്ലെന്ന നിലപാടില്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദെല്‍ ഫത്താ എല്‍ സിസി ഉറച്ചുനില്‍ക്കുകയാണ്. ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷ കാലത്ത് അതിര്‍ത്തി അടച്ചിടുന്ന പതിവ് തുടര്‍ന്നാണ് ഇത്തവണയും റഫാ കവാടം ഈജിപ്ത് അടച്ചുപൂട്ടിയത്.
ഗാസ നിവാസികള്‍ ദൃഢചിത്തരായി അവരുടെ ഭൂമിയില്‍ തുടരണമെന്നാണ് ഈജിപ്ഷ്യന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗാസയിലെ യുദ്ധമുഖത്തുനിന്ന് എത്രയും വേഗം രക്ഷപ്പെടാന്‍ സുരക്ഷിത പാതയൊരുക്കാന്‍ യുഎസും അറബ് രാജ്യങ്ങളും ഉള്‍പ്പെടെ സമ്മര്‍ദ്ദം തുടരുമ്പോഴാണ്, ഗാസ നിവാസികള്‍ ഉറപ്പോടെ അവരുടെ നാട്ടില്‍ത്തന്നെ തുടരണമെന്ന് ഈജിപ്ത് ആവര്‍ത്തിക്കുന്നത്. ഗാസയില്‍നിന്നുള്ളവര്‍ക്കായി അതിര്‍ത്തി തുറന്നുകൊടുക്കുന്നത് രാജ്യത്തെ വലിയ പ്രതിസന്ധിയിലേക്കു തള്ളിവിടുമെന്നാണ് ഈജിപ്തിന്റെ ഭയം.
അഭയാര്‍ഥികളായിട്ടാണെങ്കിലും ഗാസയില്‍നിന്നുള്ള ആളുകളെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കുന്നത് പലസ്തീനികളുടെ ബദല്‍ രാജ്യമാണ് സീനായ് എന്ന ആശയം പുനരുജ്ജീവിപ്പിക്കുമെന്ന ഭയവും ഈജിപ്തിനുണ്ട്.
അതേസമയം, ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും വിട്ടയച്ചാലെ ഗാസമുനമ്പിലെ ഉപരോധത്തില്‍ മാനുഷികമായ ഇളവ് അനുവദിക്കുവെന്ന് ഇസ്രയേല്‍. തടവിലാക്കിയവരെ വിട്ടയച്ചില്ലെങ്കില്‍ ഗാസയില്‍ ഒരു തുള്ളി വെള്ളവും ഒരിറ്റു വെളിച്ചവുമുണ്ടാകില്ലെന്ന് ഇസ്രയേല്‍ ഊര്‍ജമന്ത്രി പറഞ്ഞു. ഗാസയില്‍ ബന്ദികളാക്കപ്പെട്ട 97 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടന്‍ കൈമാറണം. അല്ലെങ്കില്‍ ഇസ്രയേല്‍ കരയുദ്ധത്തിന് ഇറങ്ങാന്‍ നിര്‍ബന്ധിതരാകുമെന്നും അദേഹം പറഞ്ഞു.
ഐക്യരാഷ്ട്ര സംഘടനയുടെ നിര്‍ദേശം തള്ളിയാണ് ഇസ്രയേല്‍ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ബന്ദികളാക്കിയവരെ വിട്ടുനല്‍കുന്നതുവരെ ഗാസയിലേയ്ക്കുള്ള വെള്ളവും വൈദ്യുതിയും ഉള്‍പ്പടെ എല്ലാം ഉപരോധിക്കുമെന്നും ആരും മാനുഷീകതയെപ്പറ്റി സംസാരിക്കാന്‍ വരേണ്ടന്നും ഇസ്രയേല്‍ വ്യക്തമാക്കി.
ഗാസയിലെ ആശുപത്രികളില്‍ ജനറേറ്ററുകള്‍ക്കു വേണ്ട ഇന്ധനമെങ്കിലും ലഭ്യമാക്കണമെന്ന റെഡ്‌ക്രോസിന്റെ അഭ്യര്‍ഥനയും ഇസ്രയേല്‍ തള്ളി. വൈദ്യുതിയില്ലാത്ത സ്ഥിതി തുടര്‍ന്നാല്‍ പരുക്കേറ്റവരെക്കൊണ്ടു നിറഞ്ഞ ആശുപത്രികള്‍ മോര്‍ച്ചറികളായി മാറുമെന്നു റെഡ് ക്രോസ് മുന്നറിയിപ്പു നല്‍കി.
ഹമാസ് ആക്രമണത്തിനു തിരിച്ചടിയായാണു ഗാസ മുനമ്പിലേക്കുള്ള വൈദ്യുതി, ഭക്ഷണം, ഇന്ധനം എന്നിവയുടെ വിതരണം ഇസ്രയേല്‍ തിങ്കളാഴ്ച മുതല്‍ തടഞ്ഞത്. ഗാസയിലെ ഏക വൈദ്യുതിനിലയം ഇന്ധനമില്ലാത്തതിനാല്‍ ബുധനാഴ്ച പ്രവര്‍ത്തനം നിര്‍ത്തി.