കതോലിക്ക സഭയുടെ കാലം ചെയ്ത പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വിയോഗത്തില്‍ ദുഖാചരണവുമായി വിവിധ രാജ്യങ്ങള്‍. പോപ്പിന്റെ ജന്മനാടായ അര്‍ജന്റീനയില്‍ ഒരാഴ്ചത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌പെയിനില്‍ മൂന്ന് ദിവസത്തെ ദുഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഫ്രാന്‍സിലെ പ്രശസ്തമായ ഈഫല്‍ ടവറിന്റെ ലൈറ്റുകള്‍ ദുഖസൂചകമായി തെളിച്ചിട്ടില്ല. മാര്‍പാപ്പയുടെ മൃതദേഹം ബുധനാഴ്ച സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് മാറ്റുമെന്ന് വത്തിക്കാന്‍ അറിയിച്ചു. അതിനു ശേഷം ജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരമുണ്ടായിരിക്കും. അതേസമയം മാര്‍പാപ്പയുടെ മരണം സ്ഥിരീകരിക്കുന്ന ചടങ്ങ് ഇന്ത്യന്‍ സമയം രാത്രി 11.30ന് വത്തിക്കാനില്‍ നടക്കും.
അതീവ സ്വകാര്യമായ ഒരു ചടങ്ങാണിത്. മരണം സ്ഥിരീകരിക്കുന്ന ചടങ്ങില്‍ മാര്‍പാപ്പയുടെ മാമ്മോദീസ പേര് വത്തിക്കാന്റെ ആക്ടിങ് ഹെഡായ കര്‍ദിനാള്‍ കെവിന്‍ ഫാരല്‍ മൂന്ന് തവണ വിളിക്കും.
പ്രതികരിക്കാതിരുന്നാല്‍ മരിച്ചതായി സ്ഥിരീകരിക്കുമെന്നതാണ് റോമന്‍ പാരമ്പര്യം. മരണം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ മൃതശരീരത്തില്‍ നിന്ന് ഫിഷര്‍മെന്‍സ് മോതിരവും സീലും നീക്കം ചെയ്യും. ഇതിലൂടെ പോപ്പിന്റെ ഭരണത്തിന്റെ അവസാനം അടയാളപ്പെടുത്തും. വത്തിക്കാന്റെ നിലവിലെ ആക്ടിങ് ഹെഡ് കര്‍ദിനാള്‍ കെവിന്‍ ഫാരലിന്റെ മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക.
Read more
വത്തിക്കാനിലെ ഉന്നത സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും പോപിന്റെ കുടുംബാംഗങ്ങളും ചടങ്ങുകളില്‍ പങ്കെടുക്കും. ഏപ്രില്‍ 23 ബുധനാഴ്ച രാവിലെ മൃതദേഹം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് എത്തിക്കും. സഭയുടെ സ്ഥാപകനെന്ന് വിശ്വസിക്കുന്ന ക്രിസ്തു ശിഷ്യന്‍ പത്രോസിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് മാര്‍പാപ്പമാരെ അടക്കം ചെയ്യാറുള്ളത്.