ക്ഷമ പറയാൻ മടിക്കാത്ത മാർപാപ്പ; ലളിത ജീവിതംകൊണ്ട് ലോകത്ത് മാതൃക കാണിച്ചു

ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ള ആദ്യത്തെ മാർപാപ്പ. ലളിത ജീവിതംകൊണ്ട് ലോകത്തിന് മാതൃക കാണിച്ച നല്ലഇടയൻ. ഫ്രാൻസിസ് എന്ന് പേര് സ്വീകരിച്ച ആദ്യമാർപാപ്പ. യുദ്ധ ഇരകൾക്കായി നിലകൊണ്ട ഇടയൻ…..അങ്ങനെ… എത്ര വിശേഷിപ്പിച്ചാലും മതിയാവില്ല ഫ്രാൻസിസ് മാർപ്പാപ്പയെപ്പറ്റി. കത്തോലിക്ക സഭയ്ക്കും, ലോക ജനതയ്ക്കും ഫ്രാൻസിസ് മാർപാപ്പയെ ഒരിക്കലും മറക്കാനാകില്ല.

കത്തോലിക്കാ സഭയുടെ 266 മത്തെ മാർപ്പാപ്പ ആയിരുന്നു ഫ്രാൻസിസ് മാർപാപ്പ. ചരിത്രം തിരുത്തിക്കുറിച്ചാണ് 2013 മാർച്ച് 13-ന് അർജൻറീനയിലെ ബ്യൂണസ് ഐറിസിൽനിന്നുള്ള കർദിനാൾ മാരിയോ ബെർഗോളിയ കത്തോലിക്കാ സഭയുടെ 266-ാമത് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. 1272 വർഷങ്ങൾക്കു ശേഷം യൂറോപ്പിനു പുറത്തുനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന, ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യപാപ്പ. ശാരീരിക അവശതകൾ മൂലം ബെനഡിക്ട് പതിനാറാമൻ മാർപാപ്പ 2013 ഫെബ്രുവരി 28-ന് രാജിവെച്ചതിനെ തുടർന്നാണ് കർദിനാൾ ഹോർഹെ മാരിയോ ബെർഗോളിയോയെ മാർപാപ്പയായി പ്രഖ്യാപിച്ചത്.

റോമൻ കത്തോലിക്ക സഭയെ നയിച്ച ആദ്യത്തെ ലാറ്റിനമേരിക്കകാരനായിരുന്നു അദ്ദേഹം. ക്രിസ്തീയ സന്യാസി സമൂഹമായ ഈശോസഭയിൽ നിന്നുള്ള ആദ്യത്തെ പോപ്പ് എന്നീ നിലകളിലും ഫ്രാൻസിസ് മാർപാപ്പ ശ്രദ്ധേയനായിരുന്നു. വിശ്വാസം മങ്ങിയ കാലത്ത് സഭയ്ക്ക് വെളിച്ചമായ ഇടയൻ. മാറിയ കാലത്തിന്റെ ബോധ്യങ്ങൾക്കനുസരിച്ച് സഭയിലും പരിവർത്തനങ്ങൾ വരുത്തിയ വൈദികനായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ. അപ്പോഴും പല യാഥാസ്ഥിതിക നിലപാടുകളെയും ചേർത്തുപിടിച്ച സഭാ നായകൻ.

മാര്‍പാപ്പയായശേഷം വത്തിക്കാന്‍ കൊട്ടാരം വേണ്ടെന്നുവെച്ച് ഫ്രാൻസിസ് മാർപാപ്പ അതിഥിമന്ദിരത്തിലെ സാധാരണ മുറിയില്‍ താമസമാക്കി. ലോകത്തിലെ സ്വാധീനമുളള വ്യക്തിത്വങ്ങളിലൊരാളായി നിന്ന് ദരിദ്രർക്കും സ്ത്രീകള്‍ക്കും യുദ്ധങ്ങളിലെ ഇരകള്‍ക്കുമെല്ലാം വേണ്ടി അദ്ദേഹം വാദിച്ചു. യുദ്ധങ്ങളെ നന്മയും തിന്മയുമായി കാണരുതെന്ന് പറഞ്ഞ മാർപ്പാപ്പ യുദ്ധങ്ങള്‍ക്കെതിരെ നിലകൊണ്ടു. സ്വവർഗാനുരാഗികളും ദൈവത്തിന്‍റെ മക്കളാളെന്ന് പറഞ്ഞ് ചരിത്രപരമായ നിലപാടെടുത്തും സഭാസിംഹാസന്നത്തിന്‍റെ മൂല്യമെന്താണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞു. ചരിത്രപരമായ നിലപാടെടുത്തും അദ്ദേഹം സഭാസിംഹാസന്നത്തിന്‍റെ മൂല്യമെന്താണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞു. ദൈവം മനുഷ്യന് നൽകിയ മനോഹരമായ കാര്യങ്ങളിൽ ഒന്നാണ് ലൈംഗികത എന്ന് വിളിച്ച് പറഞ്ഞ ഇടയൻ.

അധികാരത്തിലേറിയതിന് ശേഷം തനിക്ക് വന്നിട്ടുള്ള തെറ്റുകൾക്ക് പല അവസരത്തിലും ഫ്രാൻസിസ് മാർപാപ്പ ക്ഷമാപണം നടത്തിയിട്ടുണ്ട്. അതിൽ ഹൃദയസ്പർശിയായ ഒന്ന് നോക്കിയാൽ… വത്തിക്കാൻ ചത്വരത്തിൽ തടിച്ചുകൂടിയ മനുഷ്യരെ ആശീർവദിച്ച് നടന്നുനീങ്ങുന്നതിനിടെ, ഭക്തികൊണ്ടോ സ്നേഹം കൊണ്ടോ തന്റെ കൈയിൽ ബലമായി പിടിച്ച, തന്നെ പിടിച്ചുനിർത്താൻ ശ്രമിച്ച ഒരു സ്ത്രീയുടെ കൈയിൽ അൽപ്പം നീരസത്തോടെ ചെറുതായി അടിച്ച് തന്റെ കൈയിൽ നിന്ന് അവരുടെ കൈ വിടുവിച്ചെടുത്ത മാർപാപ്പയുണ്ടായിരുന്നു. ആ പ്രവൃത്തി പലയിടങ്ങളിലും പലരും ചർച്ചയാക്കി. പിന്നീട് പൊതുപ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്ത് സന്ദേശം നൽകുന്ന അവസരത്തിൽ, തന്റെ പ്രവൃത്തിയിൽ ആ നല്ലിടയൻ ലോകത്തോട് ക്ഷമ ചോദിച്ചു. ഇന്നലെ ഞാൻ നൽകിയ മോശം മാതൃകയ്ക്ക് നിങ്ങളോട് ഞാൻ ക്ഷമ ചോദിക്കുന്നു” എന്നായിരുന്നു ആ വാക്കുകൾ. അധികാരത്തിന്‍റ മഹോന്നതിയിലിരുന്നുകൊണ്ടുള്ള ഇത്തരം തുറന്ന് പറച്ചിലുകളാണ് ഫ്രാൻസിസ് പാപ്പയെ പ്രിയങ്കരനാക്കിട്ടുള്ളതും.

ബ്യൂണസ് അയേഴ്സിൽ ഇറ്റലിയിൽ നിന്നു കുടിയേറിയ മരിയോ ജോസ് ബെഗോളിയോയുറ്റേയും മരിയ സിവോരിയയുടേയും അഞ്ചു മക്കളിൽ ഒരാളായി 1936ൽ ഡിസംബർ17ന് ആണ് ബെർഗോളിയോ ജനിച്ചത്. പോപ്പായി തിരഞ്ഞെടുക്കുന്നതിന് മുമ്പ് ബ്യൂണസ് അയേഴ്സ് രൂപതയുടെ തലവനായിരുന്നു അദ്ദേഹം. കത്തോലിക്ക സഭയുടെ രണ്ടായിരത്തിലധികം വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഫ്രാൻസിസെന്ന പേര് ഒരു മാർപ്പാപ്പ സ്വീകരിക്കുന്നത്. ജോർജ്ജ് മാരിയോ ബെർഗോഗ്ലിയോ എന്നായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ യഥാർത്ഥ പേര്. പിന്നീട് വിശുദ്ധ ഫ്രാൻസീസ് അസീസിയോടുള്ള ബഹുമാനാർത്ഥം ഫ്രാൻസിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഈ പേര് ആദ്യമായിട്ടാണ് ഒരു മാർപ്പാപ്പ ഔദ്യോഗിക നാമമായി സ്വീകരിച്ചിരുന്നത്.

1958 ലാണ് ഫ്രാൻസിസ് മാർപാപ്പ ഈശോ സഭയിൽ ചേർന്നത്. 1969 ഡിസംബർ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കർദിനാൾ ആയി. 2013 മാർച്ച് 13 ന് മാർപ്പാപ്പ പദവിയിലെത്തി. സ്ഥാനാരോഹണത്തിനു ശേഷം സഭയിൽ പുതിയ മാറ്റങ്ങൾ അദ്ദേഹം വരുത്തുകയുണ്ടായി. പിന്നീട് മാറ്റങ്ങളുടെ പാപ്പ എന്ന് ഫ്രാൻസിസ് മാർപാപ്പയെ വിശേഷിപ്പിച്ചിരുന്നു.1958 മാർച്ച് 11ന് വിയ്യാ ദേവോതോയിലെ ഈശോ സഭാ സെമിനാരിയിൽ ചേർന്നാണ് ബെർഗോളിയോ വൈദികപഠനം ആരംഭിച്ചത്. 1960 സാൻ മിഗേലിലെ കോളെസിയോ മാക്സിമോ സാൻ ജോസിൽ നിന്ന് തത്വശാസ്ത്രത്തിൽ ലൈസൻഷിയേറ്റ് നേടി. 1967 ബെർഗോളിയോ ദൈവശാസ്ത്രപഠനം പൂർത്തിയാക്കി.1969 ഡിസംബർ 13ന് ആണ് വൈദികപട്ടം സ്വീകരിച്ചത്.

സാൻ മിഗേൽ സെമിനായിരിയിലെ ദൈവശാസ്ത്ര-തത്ത്വശാസ്ത്ര വിഭാഗത്തിൽ നിന്ന് മാസ്റ്റർ ബിരുദം സമ്പാദിച്ച അദ്ദേഹം അവിടെ ദൈവശാസ്ത്രാദ്ധ്യാപകനായി. 1973-1979 ബെർഗോളിയോ ഈശോസഭയുടെ അർജന്റീന പ്രൊവിൻഷ്യാൽ ആയിരുന്നു. പിന്നീട് സാൻ മിഗേൽ സെമിനാരി അധിപനായി 1980-ൽ സ്ഥാനമേറ്റെടുത്ത ബെർഗോളിയോ 1988 വരെ ആ പദവിയിൽ തുടർന്നു. 2001 ഫെബ്രുവരിയിൽ അന്നത്തെ മാർപ്പാപ്പയായിരുന്ന ജോൺ പോൾ രണ്ടാമൻ ബെർഗോളിയോയെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തി. 2005-ലെ മെത്രാന്മാരുടെ സൂനഹദോസ് കർദ്ദിനാൾ ബെർഗോളിയോയെ പോസ്റ്റ്‌ ബിഷപ്‌ കൗൺസിൽ അംഗമായി തിരഞ്ഞെടുത്തു.

പിന്നീട് ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2013 മാർച്ച് 19 ന് ആണ് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാസഭയുടെ 266-ാമത് മാര്പാപ്പയായി സ്ഥാനമേറ്റത്. ജീവിതത്തിൽ ആഡംബരങ്ങൾ ഒഴിവാക്കുന്ന ഫ്രാൻസിസ് മാർപാപ്പ മരണത്തിലും ലാളിത്യം ആഗ്രഹിച്ചിരുന്നു. സൈപ്രസ്, ഓക്ക്, വാക മരത്തടികൾ കൊണ്ടു നിർമിച്ച 3 പെട്ടികൾക്കുള്ളിലായി മാർപാപ്പമാരെ അടക്കം ചെയ്യുന്ന ആചാരത്തിന് പകരം തനിക്ക് സാധാരണ തടിപ്പെട്ടി മതിയെന്ന് അദ്ദേഹം നേരത്തെ തന്നെ നിർദേശിച്ചിരുന്നു. ദീർഘമായ പൊതുദർശനം, നീണ്ട അന്ത്യോപചാര ചടങ്ങുകൾ ഇവയൊന്നും വേണ്ടെന്നും നിർദേശത്തിലുണ്ട്. മുൻ മാർപാപ്പമാരെ അടക്കം ചെയ്യുന്ന സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്കു പകരം റോമിലെ സെൻ്റ് മേരി മേജർ പള്ളിയിൽ അടക്കിയാൽ മതിയെന്നും നേരത്തെ നിർദേശിച്ചിരുന്നു.

ഇന്ത്യൻ യാത്ര എന്ന ആഗ്രഹം സഫലമാകാതെയാണ് മാർപ്പാപ്പയുടെ വിയോഗം എന്നതും ശ്രദ്ധേയമാണ്. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹം മാർപ്പാപ്പ പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നേരിട്ട് ഫ്രാൻസിസ് മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി പലതവണ അസുഖങ്ങള്‍ അലട്ടിയിരുന്നുവെങ്കിലും വിദേശ സന്ദർശനങ്ങളിലടക്കം വ്യാപൃതനായിരുന്ന മാർപ്പാപ്പ 89 മത്തെ വയസിലാണ് ഓർമ്മയാകുന്നത്.

Read more