അന്താരാഷ്ട്ര വിമാന സര്‍വീസായ ഇവിഎ എയര്‍ലൈന്‍സില്‍ രണ്ട് യാത്രക്കാര്‍ തമ്മിലടിച്ചതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. തായ്‌വാനില്‍ നിന്ന് കാലിഫോര്‍ണിയയിലേക്കുള്ള ദീര്‍ഘദൂര യാത്രയ്ക്കിടെയായിരുന്നു യാത്രക്കാരുടെ തമ്മില്‍ തല്ല്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. യാത്രക്കാരിലൊരാള്‍ സീറ്റ് മാറി ഇരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
സഹയാത്രികന്റെ ചുമ കാരണം ഒരു യാത്രക്കാരന്‍ മറ്റൊരു സീറ്റിലേക്ക് മാറിയിരുന്നു. പിന്നാലെ ഒഴിഞ്ഞുകിടന്ന സീറ്റിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ തിരിച്ചെത്തി. ഇതോടെ പ്രശ്‌നങ്ങള്‍ ആരംഭിക്കുകയായിരുന്നു. തിരികെ എത്തിയ യാത്രക്കാരന്‍ തന്റെ സീറ്റിലിരുന്ന യാത്രക്കാരനെ കണ്ട് പ്രകോപിതനായി. പിന്നാലെ തന്റെ സീറ്റിലിരുന്ന യാത്രക്കാരനെ ഇയാള്‍ ആക്രമിക്കാന്‍ തുനിഞ്ഞതോടെ എയര്‍ലൈന്‍ ജീവനക്കാര്‍ ഇടപെട്ടു.
എന്നാല്‍ എയര്‍ലൈന്‍ ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചിട്ടും ഇരുവരും പിന്‍മാറാന്‍ തയ്യാറായില്ല. വാക്കു തര്‍ക്കം നിമിഷങ്ങള്‍ക്കുള്ളില്‍ കൈയ്യാങ്കളിയിലേക്ക് വഴിമാറി. ഇരുവരും പരസ്പരം ആക്രമിക്കുന്നതും ക്രൂ അംഗങ്ങള്‍ ഇവരെ പിന്‍മാറ്റാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. യാത്രക്കാര്‍ പരസ്പരം പോരടിച്ചതോടെ മറ്റ് യാത്രക്കാര്‍ ഭയന്ന് നിലവിളിച്ചു.
സഹയാത്രികര്‍ നിലവിളിച്ചതോടെയാണ് പരസ്പര ആക്രമണം അവസാനിച്ചത്. തുടര്‍ന്ന് ഇരു യാത്രക്കാരെയും മാറ്റി നിറുത്തി. ഇരുവരെയും എയര്‍ലൈന്‍ അധികൃതര്‍ സാന്‍ഫ്രാന്‍സിസ്‌കോ പൊലീസിന് കൈമാറി.