'ചെ ഗുവേര'യുടെ ആ പ്രസിദ്ധമായ ചിത്രത്തിന് പിന്നിലെ രഹസ്യം

വിപ്ലവ ഇതിഹാസം ഏണസ്റ്റോ ചെ ഗുവേര…. സാമ്രാജ്യത്വത്തിനെതിരെയുള്ള ഐതിഹാസിക സായുധ സമരത്തിനിടയിൽ പിടിക്കപ്പെടുകയും പിന്നീട് തടവറയിൽ വച്ച് വെടിയേറ്റ് മരണപ്പെടുകയും ചെയ്ത വിശ്വവിഖ്യാതനായ വിപ്ലവകാരിയുടെ ഓർമ്മകൾ ലോക യുവത്വതതിന് എന്നും ആവേശം പകരുന്ന ഒന്നാണ്. മരണത്തിനിപ്പുറം ഇത്രകാലം കഴിഞ്ഞിട്ടും ലോകമെമ്പാടുമുള്ള പോരാളികൾക്ക് ആശയും ആവേശവുമാണ് ഏണസ്റ്റോ ചെ ഗുവേര എന്ന ചെ. മാർച്ച് 5. ഈ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്.

നീളമുള്ള മുടിയെ കറുത്ത ബെററ്റിൽ ഒതുക്കി വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന വിപ്ലവകാരി ചെ ഗുവേരയുടെ പ്രതിച്ഛായ ചിത്രം ഇന്ന് ലോകത്തിന് വളരെ പരിചിതമാണ്. 1960-ൽ ക്യൂബൻ ഫോട്ടോഗ്രാഫർ ആൽബെർട്ടോ കോർദയാണ് ഈ പ്രസിദ്ധമായ ചിത്രം പകർത്തിയത്. 31 വയസായിരുന്നു അന്ന് ചെ ഗുവേരയുടെ പ്രായം. ഹവാനയിലെ തുറമുഖത്ത് ബെൽജിയൻ ആയുധങ്ങൾ നിറച്ച ചരക്ക് കപ്പൽ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട തൊഴിലാളികൾക്കായി ഒരു അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങിൽ വച്ചാണ് പ്രസിദ്ധമായ ആ ചിത്രം പകർത്തപ്പെട്ടത്.

‘ഗറില്ലേറോ ഹീറോയിക്കോ’ എന്നാണ് ഈ ചിത്രം അറിയപ്പെട്ടത്. പിൽക്കാലത്ത് ഈ ചിത്രം ലോകമെങ്ങും തരംഗമായി മാറി. വസ്ത്രങ്ങളിൽ മുതൽ ടാറ്റുകളിൽവരെ ഇത് വ്യാപകമായി ഉപയോഗിക്കപ്പെട്ടു. പിന്നീട് മറ്റൊരു ഖ്യാതിയും ആ ചിത്രത്തിനെ തേടിയെത്തി. ഏറ്റവും പ്രശസ്തമായ ഫോട്ടോഗ്രാഫറായി മേരിലാൻഡ് ഇൻസ്റ്റ്യൂട്ട് കോളേജ് ഓഫ് ആർട്സ് ഈ ചിത്രത്തെയാണ് തിരഞ്ഞെടുത്തത്. ലോകത്ത് ഏറ്റവും കൂടുതൽ പകർത്തപ്പെട്ട ഫോട്ടോഗ്രാഫെന്ന ബഹുമതിയും സ്വന്തം. മറ്റൊരു വസ്തുത എന്തെന്നാൽ ഈ ചിത്രത്തിന് യാതൊരു പ്രതിഫലവും ആൽബെർട്ടോ കോർദ വാങ്ങിയിരുന്നില്ല. റോയൽറ്റികളും ആവശ്യപ്പെട്ടില്ല.

Read more