ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള ചർച്ചയ്ക്കിടെ ഇരുവരും ഇരുന്ന 6 മീറ്റർ നീളമുള്ള മേശ ഇന്റർനെറ്റ് മീമുകളിലും സോഷ്യൽ മീഡിയയിലും നിരവധി ഊഹാപോഹങ്ങൾക്ക് കരണമായിരിക്കുകയാണ്.
അതേസമയം മേശയുടെ അസാധാരണ നീളത്തിന് പിന്നിലെ യഥാർത്ഥ കാരണം ഇപ്പോൾ വെളിപ്പെട്ടിരിക്കുകയാണ്. റഷ്യൻ പ്രസിഡന്റിനെ കാണുന്നതിന് മുമ്പ് മോസ്കോയിൽ കോവിഡ് -19 ടെസ്റ്റ് നടത്താനുള്ള റഷ്യയുടെ അഭ്യർത്ഥന ഫ്രഞ്ച് പ്രസിഡന്റ് നിരസിച്ചിരുന്നു. തൽഫലമായി, മോസ്കോയിൽ ഉക്രെയ്ൻ പ്രതിസന്ധിയെക്കുറിച്ചുള്ള നീണ്ട ചർച്ചകളിൽ ഇരു നേതാക്കളും സാമൂഹിക അകലം പാലിച്ചാണ് ഇരുന്നത്.
ഒന്നുകിൽ റഷ്യൻ അധികാരികൾ നടത്തുന്ന പിസിആർ ടെസ്റ്റ് അംഗീകരിച്ച് പുടിനോട് അടുത്തിരിക്കാം, അല്ലെങ്കിൽ കൂടുതൽ കർശനമായ സാമൂഹിക അകലം പാലിണമെന്നുമായിരുന്നു ഫ്രഞ്ച് പ്രസിഡന്റിന് ലഭിച്ച നിർദ്ദേശം എന്ന് ഇമ്മാനുവൽ മാക്രോണുമായി അടുത്ത വൃത്തങ്ങൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ഫ്രഞ്ച് പ്രസിഡന്റിന്റെ ഡിഎൻഎ റഷ്യയ്ക്ക് ലഭിക്കുമെന്ന ഭയത്താലാണ് പരിശോധന നിരസിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, ഇമ്മാനുവൽ മാക്രോൺ പരിശോധന നിരസിച്ചതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് സ്ഥിരീകരിച്ചു, റഷ്യയ്ക്ക് ഇതിൽ ഒരു പ്രശ്നവുമില്ലെന്നും ഇക്കാര്യം ചർച്ചകളെ ബാധിക്കില്ലെന്നും ദിമിത്രി അറിയിച്ചു.