ഇന്ത്യയില്‍ നിന്ന് ആക്രമണമുണ്ടായേക്കാം; ആണവായുധങ്ങള്‍ നിലനില്‍പ്പിന് ഭീഷണിയുണ്ടായാല്‍ മാത്രമെന്ന് പാക് പ്രതിരോധ മന്ത്രി

തങ്ങളുടെ സേനകളെ ശക്തിപ്പെടുത്തുന്നത് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായേക്കാമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫ്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് സൈനിക നടപടി ആസന്നമായിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് തങ്ങള്‍ സൈന്യബലം വര്‍ദ്ധിപ്പിക്കുന്നതെന്നാണ് ഖവാജ മുഹമ്മദ് ആസിഫിന്റെ പ്രസ്താവന.

പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടിക്കുമെന്ന കണക്കുകൂട്ടലിലാണ് പാകിസ്ഥാന്‍. പാകിസ്ഥാന് മുന്നില്‍ തന്ത്രപ്രധാനമായ ചില തീരുമാനങ്ങളെടുക്കേണ്ട സാഹചര്യമാണുള്ളതെന്നും ഖവാജ മുഹമ്മദ് ആസിഫ് വ്യക്തമാക്കി. അതുകൊണ്ട് അത്തരം തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും ഖവാജ ആസിഫ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ പാകിസ്ഥാനെതിരെ സൈനിക ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് പാക് സൈന്യത്തിന് വിവരം ലഭിച്ചിട്ടുണ്ട്. അതിനാല്‍ പാകിസ്ഥാന്‍ അതിജാഗ്രതയിലാണെന്നും തങ്ങളുടെ നിലനില്‍പ്പിന് നേരിട്ട് ഭീഷണിയുണ്ടായാല്‍ മാത്രമേ അണുവായുധങ്ങള്‍ പ്രയോഗിക്കുകയുള്ളൂവെന്നും പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫ് അറിയിച്ചു.

Read more

അതേസമയം ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ഖവാജ മുഹമ്മദ് ആസിഫ് തയ്യാറായില്ല. വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സിനോടാണ് പാക് പ്രതിരോധ മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.